പ്രതീകാത്മക ചിത്രം
ലഖ്നോ: ദമ്പതികൾ തമ്മിൽ നിസ്സാര കാര്യങ്ങൾക്ക് വഴക്കുണ്ടാവുകയും വിവാഹ മോചനത്തിൽ കലാശിക്കുകയും ചെയ്യുന്ന സംഭവങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്. അത്തരത്തിലൊരു വാർത്തയാണ് യു.പിയിലെ ആഗ്രയിൽ നിന്ന് പുറത്തുവന്നത്. ഭർത്താവ് വ്യത്യസ്തമായ പൊട്ടുകൾ വാങ്ങിനൽകാത്തതിനെ തുടർന്ന് നവവധു സ്വന്തം വീട്ടിലേക്ക് മടങ്ങുകയും വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വാർത്ത.
ദിവസവും വ്യത്യസ്തമായ പൊട്ട് തൊടാൻ താൽപര്യമുള്ളയാളായിരുന്നു നവവധു. വിവാഹത്തിന്‍റെ ആദ്യനാളുകളിൽ ഭർത്താവ് ഭാര്യയുടെ ഇഷ്ടപ്രകാരമുള്ള പൊട്ടുകൾ വാങ്ങിനൽകിയിരുന്നു. എന്നാൽ, പിന്നീട് പൊട്ടുകളുടെ എണ്ണം കുറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും വഴക്കിടുകയായിരുന്നു.
വഴക്കിനൊടുവിൽ ഭർത്താവിന്‍റെ വീട്ടിൽ നിന്നിറങ്ങിയ നവവധു സ്വന്തം വീട്ടിലേക്ക് പോയി. ആറ് മാസമായി വധു സ്വന്തം വീട്ടിലാണ്. ഇതിന് പിന്നാലെ വിവാഹമോചനം വേണമെന്ന ആവശ്യത്തിലുമെത്തി. തുടർന്നാണ് വിഷയം പൊലീസിന്‍റെ മുന്നിലെത്തിയത്.
പൊലീസുകാർ ദമ്പതികളെ ഫാമിലി കൗൺസലിങ്ങിന് അയക്കുകയായിരുന്നു. ഡോ. അമിത് ഗൗഡിന്‍റെ കൗൺസലിങ് സെന്‍ററിലാണ് ഇരുവരുമെത്തിയത്. പൊട്ടിനെ ചൊല്ലിയുള്ള വഴക്കിന്‍റെ വിവരങ്ങൾ ദമ്പതികളുടെ വ്യക്തിവിവരങ്ങൾ പങ്കുവെക്കാതെ ഡോക്ടറാണ് പുറത്തറിയിച്ചത്.
ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പിന്നീട്, ആഴ്ചയിൽ ഏഴ് പൊട്ടുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഭർത്താവ് നിബന്ധന വെക്കുകയായിരുന്നു. എന്നാൽ, ഭാര്യയാവട്ടെ 35 പൊട്ട് വരെ ആഴ്ചയിൽ തൊടും. വീട്ടുജോലികളും മറ്റും കാരണം പൊട്ടുകൾ നെറ്റിയിൽ നിന്ന് നഷ്ടപ്പെടുന്നുവെന്നാണ് ഭാര്യയുടെ വാദം. പൊട്ടുകൾക്ക് നിരന്തരം ആവശ്യപ്പെട്ടതോടെയാണ് ഇരുവരും തമ്മിൽ വലിയ വഴക്കായത്. ഡോക്ടറുടെ കൗൺസലിങ്ങിലൂടെ ഇരുവരെയും സമാധാനിപ്പിച്ച് വീട്ടിലേക്ക് അയച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.