ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. 12.56 കോടി മൂല്യം വരുന്ന 14.8 കിലോഗ്രാം സ്വർണമാണ് രന്യ കടത്തിയത്. ദുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ചാണ് സ്വർണം ലഭിച്ചതെന്ന് രന്യ റാവു പറഞ്ഞു.
ഇന്റർനെറ്റ് കോളിൽ നിന്ന് ലഭിച്ച വിവരപ്രകാരമാണ് സ്വർണം വാങ്ങേണ്ടയാളെ ബന്ധപ്പെട്ടതെന്ന് 33കാരിയായ രന്യ റവന്യു ഇന്റലിജൻസിന് മൊഴി നൽകി. ദുബൈ വിമാനത്താവളത്തിലെ മൂന്നാം നമ്പർ ടെർമിനലിലെ എ ഗേറ്റിന് സമീപത്തെ എസ്പ്രസോ മിഷ്യന് മുന്നിൽ സ്വർണവുമായി ആളെത്തുമെന്നായിരുന്നു അറിയിച്ചത്.
കന്തുര ധരിച്ച് ആഫ്രിക്കൻ-അമേരിക്കൻ രീതിയിൽ സംസാരിക്കുന്നയാളാണ് സ്വർണം നൽകാനായി എത്തിയത്. അധികനേരം അയാൾ സംസാരിച്ചില്ല. പ്ലാസ്റ്റിക് കവറിലുണ്ടായിരുന്ന സ്വർണം തനിക്ക് നൽകി ഇയാൾ ഉടൻ തന്നെ മടങ്ങിയെന്നും രന്യ ഡി.ആർ.ഐക്ക് മൊഴി നൽകിയിട്ടുണ്ട്.
പിന്നീട് കൈയിലുണ്ടായിരുന്ന ടേപ്പ് ഉപയോഗിച്ച് സ്വർണം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിവെച്ചു. അതേസമയം, എയർപോർട്ടിലെത്തിയ രന്യ റാവുവിനെ സഹായിക്കാനായി അവരുടെ പിതാവ് രാമചന്ദ്ര റാവു തന്നോട് എയർപോർട്ടിലേക്ക് പോകാൻ നിർദേശിച്ചുവെന്ന് ബംഗളൂരുവിൽ നടിക്ക് സഹായം നൽകിയ പൊലീസ് കോൺസ്റ്റബിൾ ഡി.ആർ.ഐക്ക് മൊഴി നൽകിയിട്ടുണ്ട്.
യുട്യൂബ് വിഡിയോകൾ നോക്കിയാണ് സ്വർണം എങ്ങനെ ഒളിപ്പിക്കണമെന്നത് രന്യ റാവു പഠിച്ചതെന്നും ഡി.ആർ.ഐ വ്യക്തമാക്കി. ഡി.ആർ.ഐക്ക് പുറമേ സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസിൽ അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.