രാഷ്ട്രപതി തെരഞ്ഞെടുപ്പ്: അണ്ണാ ഡി.എം.കെ വിഭാഗങ്ങൾ ബി.ജെ.പിയെ പിന്തുണക്കും

ചെന്നൈ: ജൂലൈയിൽ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയിലെ ഇരുവിഭാഗങ്ങളും ബി.ജെ.പിയെ പിന്തുണക്കുമെന്ന് ഉറപ്പായി. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നയിക്കുന്ന എ.ഐ.എ.ഡി.എം.കെ അമ്മ വിഭാഗവും മുൻ മുഖ്യമന്ത്രി പന്നീർശെൽവം നയിക്കുന്ന എ.ഐ.എ.ഡി.എം.കെ പുരട്ചി തലൈവി അമ്മ വിഭാഗവും ആണ് ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണക്കുക. ഇരുവിഭാഗം നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്ത ബി.ജെ.പി കേന്ദ്രനേതൃത്വം പിന്തുണ ഉറപ്പാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തമിഴ്നാട്ടിലെ മുഴുവൻ എം.എൽ.എമാർക്കും കൂടി 176 മൂല്യ വോട്ടും ലോക്സഭ, രാജ്യസഭ അംഗങ്ങളുടേതായി 708 മൂല്യ വോട്ടും ആണ് ഉള്ളത്. അണ്ണാ ഡി.എം.കെയിലുള്ള 134 എം.എൽ.എമാരിൽ 122 പേർ കെ. പളനിസ്വാമിയോടും 12 പേർ ഒ. പന്നീർശെൽവത്തിനോടും കൂറു പുലർത്തുന്നവരാണ്. എം.പിമാരിൽ 50ലധികം പേർ പളനിസ്വാമിയെ പിന്തുണക്കുന്നു. ഡി.എം.കെക്കും സഖ്യകക്ഷികൾക്കും കൂടി 97 എം.എൽ.എമാരും നാലു എം.പിമാരും ഉണ്ട്. ഒരു എം.പി മാത്രമാണ് ഇടതുപാർട്ടികൾക്കുള്ളത്.

അതേസമയം, മുഖ്യ പ്രതിപക്ഷമായ ഡി.എം.കെ ആരെ പിന്തുണക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. പാർട്ടി അധ്യക്ഷൻ എം. കരുണാനിധിയുടെ 94ാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി ജൂൺ മൂന്നിന് നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ ഐക്യയോഗത്തിൽ വിഷയം ചർച്ച ചെയ്ത് ധാരണയിലെത്താനാണ് നീക്കം. കരുണാനിധിയുടെ ജന്മദിനാഘോഷത്തിലേക്ക് കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ ഡി.എം.കെ വർക്കിങ് പ്രസിഡന്‍റ് എം.കെ സ്റ്റാലിനും രാജ്യസഭ എം.പി കനിമൊഴിയും ക്ഷണിച്ചിട്ടുണ്ട്.

മേയ് 10 മുതൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ മൂന്നു ദിവസത്തെ സന്ദർശനത്തിന് തമിഴ്നാട്ടിൽ എത്തുന്നുണ്ട്. അണ്ണാ ഡി.എം.കെ പിന്തുണ ഉറപ്പാക്കുകയാണ് ഈ സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യം. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുടെ പിന്തുണ തങ്ങൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ മാധ്യമങ്ങളോട് പറഞ്ഞു.

 

 

 

 

 

Tags:    
News Summary - AIADMK factions may support BJP in Presidential poll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.