ഛണ്ഡിഗഢ്: കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥി പ്രഖ്യാപനത്തിൽ പ്രതികരണവുമായി നേതാവ് നവ്ജ്യോത് സിങ് സിദ്ധു. സ്ഥാനാർഥിയെ രാഹുൽ ഗാന്ധി ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് സിദ്ധുവിന്റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനാർഥിയുടെ കാര്യത്തിൽ രാഹുലിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് സിദ്ധു പറഞ്ഞു.
പാർട്ടിയെ നയിക്കുന്ന വെളിച്ചമായ രാഹുലിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കും. രാഹുൽ ഗാന്ധിയെ പഞ്ചാബിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. പഞ്ചാബിന്റെ കാര്യത്തിൽ വ്യക്തത വരുത്താനാണ് രാഹുൽ വരുന്നതെന്നും സിദ്ധു പറഞ്ഞു. നേരത്തെ മാറ്റം കൊണ്ടു വരുന്നതിനായാണ് താൻ രാഷ്ട്രീയത്തിൽ ചേർന്നതെന്ന് സിദ്ധു പ്രതികരിച്ചിരുന്നു.
പാർട്ടി ഹൈകമാൻഡിന്റെ തീരുമാനമാണ് തന്റേയും കമാൻഡ്. അവസാനശ്വാസം വരെ കോൺഗ്രസിനൊപ്പം ഉറച്ചു നിൽക്കും. മുഖ്യമന്ത്രി സ്ഥാനാർഥി ആയാലും ഇല്ലെങ്കിലും അതിൽ മാറ്റമുണ്ടാവില്ലെന്ന് സിദ്ധു പറഞ്ഞിരുന്നു. നേരത്തെ കോൺഗ്രസ് നേതാവ് ഹരിഷ് ചൗധരിയാണ് രാഹുൽ ഗാന്ധി ഫെബ്രുവരി ആറിന് ലുധിയാന സന്ദർശിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും അറിയിച്ചത്.
മുഖ്യമന്ത്രി സ്ഥാനാർഥി ആരാവണമെന്നതിൽ കോൺഗ്രസ് നേതൃത്വം പഞ്ചാബിലെ ജനങ്ങളോടും നേതാക്കളോടും അഭിപ്രായം തേടിയിരുന്നു. ചരൺജിത് സിങ് ചന്നി പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കുമെന്നാണ് സൂചന. പാർട്ടി നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഛന്നിക്ക് കൂടുതൽ വോട്ട് ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ആം ആദ്മി പാർട്ട് ഭഗവന്ത് മാനെയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. സുഖ്ബീർ ബാദൽ ശിരോമണി അകാലിദള്ളിനായി ഇത്തവണയും കളത്തിലിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.