ചെന്നൈ: അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ തമിഴ്‌നാട് സർക്കാറിനോട് റിപ്പോർട്ട് തേടി മദ്രാസ് ഹൈകോടതി. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്ന് ഉച്ചക്ക് ശേഷം മറുപടി നൽകണമെന്നാണ് ഹൈകോടതിയുടെ നിർദേശം.
അണ്ണാ സർവകലാശാല വളപ്പിലെ ലാബോറട്ടറി കെട്ടിടത്തിന് സമീപം ഡിസംബർ 23ന് രാത്രി എട്ട് മണിയോടെയാണ് വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായത്. രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. സുഹൃത്തായ നാലാം വർഷ വിദ്യാർഥിക്കൊപ്പം നിൽക്കുമ്പോൾ പ്രതി യാതൊരു പ്രകോപനവുമില്ലാതെ ഇരുവരെയും മർദ്ദിക്കുകയായിരുന്നു. പുരുഷ സുഹൃത്ത് ഓടി രക്ഷപ്പെട്ടപ്പോൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പരാതി.
കേസിൽ സർവകലാശാലക്ക് സമീപം പാതയോരത്ത് ബിരിയാണി വിൽക്കുന്ന ജ്ഞാനശേഖരൻ പിടിയിലായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി ചെന്നൈ പൊലീസ് പറഞ്ഞു. ക്യാമ്പസിലെത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ബിരിയാണി കച്ചവടക്കാരൻ പിടിയിലായത്.
പെൺകുട്ടി ഉപദ്രവിക്കരുതെന്ന് കരഞ്ഞ് അപേക്ഷിച്ചെങ്കിലും പ്രതി പിൻമാറിയില്ല. ഭാരതീയ ന്യായസംഹിതയുടെ 63, 64, 75 വകുപ്പുകൾ ചുമത്തിയാണ് ആർ.എ പുരം വനിത പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ സുഹൃത്തും സർവകലാശാല സുരക്ഷാ ജീവനക്കാരും ഉൾപ്പെടെ മുപ്പതോളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.