ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും അമര്‍ത്യ സെന്‍. സ്വേച്ഛാധിപത്യപരമായ നടപടിയാണിതെന്നും വിശ്വാസത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് കനത്ത ആഘാതമേറ്റതായും എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കറന്‍സിയിലുള്ള വിശ്വാസമാണ് തകര്‍ക്കപ്പെട്ടത്. രൂപ എന്നത് വാഗ്ദത്തപത്രമാണ്. അതിന് വിലയുണ്ടാകില്ല എന്ന് ഒരു സുപ്രഭാതത്തില്‍ സര്‍ക്കാര്‍ പറയുന്നത് വിശ്വാസലംഘനമാണ്. അതുകൊണ്ടാണ് ഇതിനെ സ്വേച്ഛാധിപത്യനടപടിയെന്ന് വിശേഷിപ്പിക്കുന്നത്. താന്‍ മുതലാളിത്തത്തിന്‍െറ ആരാധകനല്ല. അതേസമയം, വിശ്വാസം മുതലാളിത്തത്തില്‍ അതിപ്രധാനമായ ഒന്നാണെന്ന അഭിപ്രായക്കാരനുമാണ്. നാളെ ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തിലും ഇത്തരം നടപടിയുണ്ടാകില്ളെന്ന് എന്താണുറപ്പ്? പണം പിന്‍വലിക്കാന്‍ കള്ളപ്പണക്കാരനല്ല എന്ന തെളിവ് നല്‍കണമെന്ന നിയമം കൊണ്ടുവന്നാല്‍ എന്തുചെയ്യും? -രാജ്യം ഭാരതരത്നം നല്‍കി ആദരിച്ച വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ചോദിച്ചു.
കള്ളപ്പണത്തിനെതിരായ നടപടി ബുദ്ധിപരവും മാനുഷികവുമായിരിക്കണം. നോട്ട് അസാധുവാക്കലില്‍ മറിച്ചാണ് സംഭവിച്ചത്. 31 ശതമാനം വോട്ട് നേടി എന്നതുകൊണ്ടുമാത്രം സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കാന്‍ ബി.ജെ.പിക്ക് ആരും ലൈസന്‍സ് നല്‍കിയിട്ടില്ല. 20 വര്‍ഷമായി സമ്പദ്വ്യവസ്ഥ അതിവേഗം വളരുകയാണ്. മറ്റുള്ളവരുടെ അഭിപ്രായം കണക്കിലെടുത്തും പരസ്പരവിശ്വാസത്തിലുമാണ് ഈ വളര്‍ച്ച സാധ്യമായത്. നോട്ട് അസാധുവാക്കിയതുവഴി ഈ വിശ്വാസമാണ് തകര്‍ക്കപ്പെട്ടത്. കള്ളപ്പണത്തിനെതിരായ നടപടി ആരും എതിര്‍ക്കില്ല. എന്നാല്‍, നോട്ട് അസാധുവാക്കലായിരുന്നോ അതിനുള്ള മാര്‍ഗമെന്ന് അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.