മംഗളൂരു: രാജ്യം ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഒറ്റക്ക് ഭരിച്ച കാലം. മംഗളൂരു നെഹ്റു മൈതാനിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ഇന്ദിര ഗാന്ധിയെ കാണാനും കേൾക്കാനും ജനസാഗരം.
പ്രിയ നേതാജിക്ക് ഹാരാർപ്പണം നടത്താൻ നേതാക്കൾ ക്യൂവിലാണ്. ഹാരങ്ങൾ കഴുത്തിൽ വീഴും മുമ്പ് ഞൊടിയിടയിൽ വാങ്ങി എറിയുകയാണ് ഇന്ദിര. അവരുടെ സെക്രട്ടറി ഗോളിയുടെ സാമർഥ്യത്തോടെ ഓരോ മാലയും പിടിക്കുന്നു.
ഹാരാർപ്പണം നടത്തുന്നതിന്റെ പടം ഓർഡർചെയ്ത നേതാക്കൾ ഫോട്ടോഗ്രാഫറെ ഒളികണ്ണിടുന്നു-ഫോട്ടോഗ്രാഫിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തിന്റെ വിസ്മയ സ്മൃതിയിലേക്ക് ഫ്ലാഷടിക്കുകയാണ് ‘മാധ്യമ’വുമായുള്ള സംഭാഷണത്തിൽ മുതിർന്ന ഫോട്ടോഗ്രാഫർ വിനയരാജ ഷെട്ടി.
പന്ത്രണ്ട് സ്നാപ് എടുത്തതോടെ ഫിനിഷിങ് സിഗ്നൽ നൽകി ‘120’ഫിലിം റോളിന്റെ കറക്കം നിലച്ചു. അടുത്ത സ്നാപ്പുകൾ സഹായി ഫിലിം ലോഡ് ചെയ്ത് കൈമാറിയ കാമറയിൽ. ദക്ഷിണ കനറയിലെയും കേരളത്തിലേയും മുഖ്യധാര മാധ്യമങ്ങളുടെ ഒന്നാം പേജ് കൈയടക്കിയത് ആ കാലം വിനയരാജ ഷെട്ടി എടുത്ത ദേശീയ നേതാക്കളുടെ ഫോട്ടോകളായിരുന്നു.
മംഗളൂരു നെഹ്റു മൈതാനിയിൽ പ്രസംഗിച്ച മുൻ പ്രധാനമന്ത്രിമാരായ ലാൽ ബഹദൂർ ശാസ്ത്രി, വി.പി. സിങ്, രാജീവ് ഗാന്ധി, ധർമസ്ഥലിയിൽ ചടങ്ങിൽ സംസാരിച്ച മുൻ രാഷ്ട്രപതി വി.വി. ഗിരി, എ.കെ.ജി, ഇ.എം.എസ്, സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങൾ, സി.എച്ച്. മുഹമ്മദ് കോയ... ആ പട്ടിക നീണ്ടതാണ്.
ഇന്ദിര ഗാന്ധിയാണ് ഓർമകളുടെ ഫോക്കസിൽ. സമയത്തിന്റെ വിലയറിഞ്ഞുള്ളതായിരുന്നു അവരുടെ ചടുലത. കാസർകോട്ട് ജനറൽ ആശുപത്രി പരിസരത്ത് ഇന്ദിര ഗാന്ധി തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചുനിൽക്കെ കുബുദ്ധികൾ വൈദ്യുതിബന്ധം വിച്ഛേദിച്ചു.
പുനഃസ്ഥാപിക്കാൻ കാത്തുനിൽക്കാതെ മൈക്ക് വലിച്ചെറിഞ്ഞ് ഇന്ദിര പ്രസംഗം തുടർന്നു. വീണുകിട്ടിയ ഷോട്ടുകൾ. ആൾക്കൂട്ട ആരവം മറ്റൊരു സീൻ. അടുത്ത ദിവസം മലയാളം, കന്നട, ഇംഗ്ലീഷ് പത്രങ്ങൾ ആഘോഷിച്ച ഫോട്ടോകൾ എല്ലാം വിനയരാജ ക്ലിക്. ഏത് ആംഗിളിലും ഇന്ദിര ഗാന്ധിയുടെ നല്ല ചിത്രങ്ങൾ കിട്ടുമായിരുന്നു. അവരുടെ ശ്രോതാക്കളുടെ ഭാവമാറ്റങ്ങൾ കാമറയിൽ കവിത വിരിയിച്ചു.
ആസിഡ് പൊള്ളിയ പാടുമായി മംഗളൂരു സർക്യൂട്ട് ഹൗസിൽ വാർത്ത സമ്മേളനം നടത്തിയ മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ തൊടുത്ത ഫലിതം സൃഷ്ടിച്ച പൊട്ടിച്ചിരിയുടെ ചിത്രം പെട്ടിക്കോളം വാർത്തക്ക് ചേരുവയായി. തലശ്ശേരിയിലെ വേദിയിലേക്ക് മാരാർ എറിഞ്ഞ ബോംബ് പൊട്ടി പരിക്കേറ്റതിനെത്തുടർന്നായിരുന്നു സി.എച്ചിന്റെ വാർത്ത സമ്മേളനം. എ.കെ.ജിയുടെ ഒറ്റക്കുള്ള ചിത്രം ഒപ്പുക വലിയ ടാസ്ക് ആയിരുന്നു.
ജനങ്ങൾക്കിടയിൽനിന്ന് മാറിനിന്ന നിമിഷം ഫോക്കസ് ചെയ്യുമ്പോഴേക്കും അദ്ദേഹത്തിന്റെ കൈ ആരുടെയെങ്കിലും ചുമലിൽ കയറിയിരിക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങളുടെ ഫോട്ടോ പകർത്താനും തനിക്ക് അവസരം ലഭിച്ചതായി വിനയരാജ് ഷെട്ടി പറഞ്ഞു.
അനുഭൂതിദായകമായിരുന്നു അത്. കാമറയിലേക്ക് വിരിഞ്ഞ പൂവായിരുന്നു ആ മുഖം. മംഗളൂരു, കാസർകോട് മേഖലയിൽ ഫോട്ടോഗ്രഫിയിൽ അനേകം ശിഷ്യരുള്ള വിനയരാജ ഷെട്ടി ഇപ്പോഴും ലൈവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.