25 വർഷത്തിനിടെ ആദ്യമായി ഗാന്ധി കുടുംബത്തിന്റെ സ്ഥാനാർഥിയില്ലാതെ അമേത്തി; രാഹുലിന് പരാജയഭീതിയെന്ന് സ്മൃതി ഇറാനി

ന്യൂഡൽഹി: വർഷങ്ങളായി കോൺഗ്രസിന്റെ പ്രത്യേകിച്ച് ഗാന്ധി കുടുംബത്തിൽ നിന്നുള്ള സ്ഥാനാർഥികളുടെ ശക്തി കേന്ദ്രങ്ങളായിരുന്നു ഉത്തർ​പ്രദേശിലെ അമേത്തിയും റായ്ബറേലിയും. എന്നാൽ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സ്മൃതി ഇറാനിയോട് രാഹുൽ ഗാന്ധി പരാജയപ്പെട്ടതോടെ കോൺഗ്രസിന്റെ ഉരുക്കുമണ്ഡലമെന്ന് വിളിപ്പേരുണ്ടായിരുന്ന അമേത്തിക്ക് ഇളക്കം തട്ടി. അതിനു മുമ്പ് മൂന്നു തവണ അമേത്തിയെ പ്രതിനിധീകരിച്ചാണ് രാഹുൽ ലോക്സഭയിലെത്തിയത്. ഇക്കുറി അമേത്തി വിട്ട് റായ്ബറേലിയിലാണ് രാഹുൽ മത്സരിക്കുന്നത്. അമേത്തിയിൽ മത്സരിച്ചാൽ പരാജയപ്പെടുമെന്നത് ഉറപ്പായതു കൊണ്ടാണ് രാഹുൽ കളം മാറ്റിയതെന്ന് പ്രഖ്യാപനം വന്നതിനു പിന്നാലെ സ്മൃതി ഇറാനി ആരോപിച്ചു. ഗാന്ധി കുടുംബത്തിൽ നിന്ന് ഇക്കുറി ആരും അമേത്തിയിൽ മത്സരിക്കുന്നില്ല. മത്സരിച്ചാൽ പരാജയപ്പെടുമെന്ന കാര്യം കോൺഗ്രസിന് മനസിലായി.-സ്മൃതി ഇറാനി പറഞ്ഞു.

1967 ൽ രൂപീകരിച്ചതു മുതൽ അമേത്തി കോ​ൺഗ്രസിന്റെ കോട്ടയാണ്. 2004ലാണ് രാഹുൽ ഇവിടെ നിന്ന് ആദ്യമായി ലോക്സഭയിലേക്ക് മത്സരിച്ചത്. 2009ലും 2014ലും രാഹുൽ അമേത്തിയിൽ നിന്ന് മത്സരിച്ച് വിജയിച്ചു. രാഹുലിന് മുമ്പ് സോണിയയായിരുന്നു അമേത്തിയിൽ കോൺഗ്രസിന്റെ പ്രതിനിധി. രാഹുൽ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ സഹോദരൻ സഞ്ജയ് ഗാന്ധിയും അമേത്തിയിൽ ജനവിധി തേടിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഗാന്ധി കുടുംബത്തിൽ നിന്ന് പുറത്തുള്ളയാൾ അമേത്തിയിൽ മത്സരിച്ചത് 1998ലാണ്. രാജീവ് ഗാന്ധിയുടേയും സോണിയ ഗാന്ധിയുടേയും വിശ്വസ്തനായിരുന്ന സതീഷ് ശർമക്കാണ് അന്ന് കോൺഗ്രസ് സീറ്റ് നൽകിയത്. എന്നാൽ അക്കുറി ബി.ജെ.പിയിലെ സഞ്ജയ് സിൻഹിനോട് സതീഷ് ശർമ പരാജയപ്പെട്ടു.

അതിനുതൊട്ടടുത്ത തെരഞ്ഞെടുപ്പിൽ സോണിയ ത​ന്നെ അമേത്തിയിൽ മത്സരിക്കാനിറങ്ങി. മുൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട തിരിച്ചടിക്ക് സോണിയ പ്രതികാരം വീട്ടി. മൂന്നുലക്ഷത്തിലേറെ വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് സോണിയ വിജയിച്ചത്. 2004ൽ സോണിയ മണ്ഡലം രാഹുൽ ഗാന്ധിക്ക് കൈമാറി.

കോൺഗ്രസിലെ വിദ്യ ധർ ബാജ്പേയ് ആണ് അമേത്തിയിലെ ആദ്യ എം.പി. 1977ൽ ജനതാ പാർട്ടിയുടെ രവീന്ദ്ര പ്രതാപ് സിങ് അ​മേത്തിയിൽ നിന്ന് മത്സരിച്ച് എം.പിയായി. എന്നാൽ മൂന്ന് വർഷത്തിന് ശേഷം സഞ്ജയ് ഗാന്ധി അദ്ദേഹത്തെ പരാജയപ്പെടുത്തി. വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധി അന്തരിച്ച ശേഷം അമേത്തിയുടെ ചുമതല രാജീവ് ഗാന്ധി ഏറ്റെടുത്തു. 1991 വരെ അദ്ദേഹം അമേത്തിയെ പ്രതിനിധീകരിച്ചു. കോൺഗ്രസിന്റെ സതീഷ് ശർമ 1991ലും 1996ലും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയി​ലെത്തി. 1998ൽ ബി.ജെ.പിയുടെ സഞ്ജയ് സിൻഹ് കുറഞ്ഞ കാലത്തേക്കാണെങ്കിലും അമേത്തിയിൽ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. 2014ൽ രണ്ടുലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുൽ ഗാന്ധി സ്മൃതി ഇറാനി​യെ തോൽപിച്ചത്.

2019ൽ രാഹുലിനെ 55,000 വോട്ടുകൾക്ക് തോൽപിച്ച് സ്മൃതി പകരം വീട്ടി. ബി.ജെ.പിയുടെ ദിനേഷ് പ്രതാപ് സിങ് ആണ് റായ്ബറേലിയിൽ രാഹുലിന്റെ എതിരാളി. 2019ൽ ദിനേഷ് സോണിയയോട് പരാജയപ്പെട്ടിരുന്നു. മേയ് 20നാണ് റായ്ബറേലിയിലും അമേത്തിയിലും വോട്ടെടുപ്പ്.

Tags:    
News Summary - Amethi without Gandhi family's candidate after 25 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.