അണ്ണാമലൈ
കോയമ്പത്തൂർ: തമിഴ്‌നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെ. അണ്ണാമലൈ. പുതിയ അധ്യക്ഷനെ പാർട്ടി ഏകകണ്ഠമായി തെരഞ്ഞെടുക്കുമെന്നും മത്സരത്തിനില്ലെന്നും അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു. എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡി.എം.കെയെ ഭരണത്തിൽ നിന്ന് താഴെയിറക്കാൻ ലക്ഷ്യമിട്ട് ബി.ജെ.പി -എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ പുനരുജ്ജീവനത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിലാണ് അണ്ണാമലൈയുടെ പരാമർശം.
തമിഴ്‌നാട് ബി.ജെ.പിയിൽ യാതൊരു മത്സരവുമില്ല, ഞങ്ങൾ ഏകകണ്ഠമായി ഒരു നേതാവിനെ തെരഞ്ഞെടുക്കും. പക്ഷേ ഞാൻ മത്സരത്തിനില്ല. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനായുള്ള മത്സരത്തിലല്ല ഞാൻ.' അദ്ദേഹം വ്യക്തമാക്കി.
'ഡി.എം.കെയെ അധികാരത്തിൽ നിന്ന് താഴെയിറക്കണം, ഒരു വോട്ടും പാഴാകരുത്. തമിഴ്‌നാട്ടിൽ നിലവിൽ പഞ്ചകോണ മത്സരമുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ മറ്റൊരിടത്തും പഞ്ചകോണ മത്സരം കാണുന്നില്ല' അദ്ദേഹം പറഞ്ഞു.
സഖ്യ തീരുമാനങ്ങൾ ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തിന്റേതാണെന്ന് അദ്ദേഹം ആവർത്തിച്ചു. 'സഖ്യത്തിന്റെ കാര്യത്തിൽ, ബി.ജെ.പി പോലുള്ള ഒരു ദേശീയ, അച്ചടക്കമുള്ള പാർട്ടിക്ക് തീരുമാനങ്ങൾ എടുക്കുന്നത് ദേശീയ നേതൃത്വമാണെന്ന് നിങ്ങൾ മനസിലാക്കണം. അതിനാൽ, ഞങ്ങൾക്ക് കമ്മിറ്റികളുണ്ട്. തീരുമാനമെടുക്കുന്നതിന് മുമ്പ് നിരവധി വശങ്ങൾ പരിശോധിക്കുന്ന പാർലമെന്ററി ബോർഡുകളുണ്ട്.' അണ്ണാമലൈ പറഞ്ഞു.
എ.ഐ.എ.ഡി.എം.കെ അധ്യക്ഷന്‍ എടപ്പാടി കെ. പളനിസ്വാമി ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഒരാഴ്ച കഴിഞ്ഞാണ് സംസ്ഥാന ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് നിന്നുമുള്ള അണ്ണാമലൈയുടെ രാജിയെന്നാണ് റിപ്പോര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.