ഗുരുഗ്രാം: രാജ്യത്ത് വീണ്ടും ആൾകൂട്ട കൊലപാതകം. 30കാരനും മുസ് ലിം യുവാവുമായ ആസിഫ് ഖാനെയാണ് 'ജയ് ശ്രീറാം' വിളിച്ചെത്തിയ ആയുധധാരികളായ ആൾകൂട്ടം മർദിച്ചു കൊലപ്പെടുത്തിയത്. ആസിഫിന്‍റെ രണ്ടു ബന്ധുക്കൾക്ക് ഗുരുതര പരിക്കേറ്റു. ഹരിയാനയിലെ നൂഹിലെ ഖേഡ ഖലീൽപൂരിലാണ് ദാരുണ സംഭവം നടന്നത്.
ജിം പരിശീലകനായ ആസിഫിനെയും ബന്ധുക്കളെയും 10 അംഗ അക്രമിസംഘം പിന്തുടരുകയും അട്ട ഗ്രാമത്തിലെ പ്ലൈവുഡ് ഫാക്ടറിയിൽവെച്ച് മർദിക്കുകയുമായിരുന്നു. മർദനത്തിനിടെ ബന്ധുക്കൾ ഒാടി രക്ഷപ്പെട്ടു. എന്നാൽ, ആസിഫിനെ സോഹ്നയിലെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അക്രമി സംഘത്തിലുള്ളവർ 'ജയ് ശ്രീ റാം' എന്ന് വിളിച്ചിരുന്നതായും മതപരമായി അധിക്ഷേപിച്ചതായും ആസിഫിന്‍റെ കുടുംബം ആരോപിച്ചു.
സോഹ്‌ന ദേശീയപാതയിൽ ആസിഫിന്‍റെ കുടുംബവും ഗ്രാമവാസികളും പ്രതിഷേധിച്ചതിനെ തുടർന്ന് കേസിലെ ആറു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടു പേർക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.
അതേസമയം, മതപരമായ കാര്യങ്ങളല്ല കുറ്റകൃത്യത്തിന് വഴിവെച്ചതെന്നും വ്യക്തിപരമായ ശത്രുതയാണെന്നും പൊലീസ് വ്യക്തമാക്കി. ഇരുവിഭാഗങ്ങൾ മുമ്പ് ഏറ്റുമുട്ടുകയും പരാതി നൽകുകയും ചെയ്തിട്ടുണ്ടെന്ന് നൂഹ് എസ്.പി. നരേന്ദർ ബിജാർനിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.