സ്ത്രീധനം ആവശ്യപ്പെട്ട് സൈനിക മേജർ ഭാര്യയുടെ വിരൽ മുറിച്ചുമാറ്റി; കേസെടുത്തു

ലഖ്നോ: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയുടെ വിരൽ മുറിച്ച സൈനിക മേജറിനെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിലാണ് സംഭവം. മീററ്റിലെ 510 ആർമി ബേസിൽ കോർപ്‌സ് ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയേഴ്‌സിലെ ഉദ്യോഗസ്ഥനാണിയാൾ. കൈവിരലിന് പരിക്കുമായി മേജറിന്‍റെ 30 വയസുകാരി ഭാര്യ പൊലീസിനെ സമീപിക്കുകയായിരുന്നു. ഭർത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് അവർ ആരോപിച്ചു.

യുവതിയുടെ പരാതിയിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തതായി സദർ ബസാർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഡി.എസ്. റാവത്ത് അറിയിച്ചു. എന്നാൽ, പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എസ്.എച്ച്.ഒ കൂട്ടിച്ചേർത്തു. അതേസമയം, പ്രതിക്കെതിരെ ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും കേസെടുക്കാൻ ഉത്തരവിട്ടതായി മീററ്റ് അഡീഷണൽ പൊലീസ് സൂപ്രണ്ട് ചന്ദ്രകാന്ത് മീണ പറഞ്ഞു.

എട്ട് വർഷമായി താൻ ഗാർഹിക പീഡനത്തിന് ഇരയാകുകയാണെന്ന് പരാതിക്കാരി ആരോപിച്ചു. "മാതാപിതാക്കൾ സ്ത്രീധനം ഉൾപ്പെടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി. എന്നാൽ, സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ഭർത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. ഇത്തവണ പ്രകോപിതനായി അയാൾ എന്റെ വിരൽ മുറിച്ചുമാറ്റി." മേജറുടെ ഭാര്യ പരാതിയിൽ പറഞ്ഞു. 2014ൽ വിവാഹിതരായ ഇവർക്ക് അഞ്ച് വയസുള്ള മകനുണ്ട്.

ഇന്ത്യൻ നാവികസേനയിൽ നിന്ന് വിരമിച്ച യുവതിയുടെ പിതാവ് പ്രതിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചു. സംഭവത്തിൽ കേസ് കൊടുക്കരുതെന്ന് പൊലീസ് ആദ്യം നിർദേശിച്ചതായി ഇദ്ദേഹം ആരോപിച്ചു. പ്രതിയുമായി ഒത്തുതീർപ്പിലെത്താൻ പൊലീസ് പ്രേരിപ്പിച്ചെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.