ബംഗളൂരു: ആർമി ഡിസൈൻ ബ്യൂറോയുടെ (എഡിബി) രണ്ടാമത്തെ റീജിയണൽ ടെക്നോളജി നോഡ് കേന്ദ്രം (ആർടിഎൻ-ബി) ബംഗളൂരുവിൽ പ്രവർത്തനം തുടങ്ങി. ബംഗളൂരുവിലെ ആർമി സർവീസ് കോപ്സ് സെന്‍റർ ആന്‍റ് കോളേജിലാണ് (എ.എസ്.സി സെന്‍റർ ആന്‍റ് കോളജ്) കേന്ദ്രം തുടങ്ങിയിരിക്കുന്നത്.
വിവരസാങ്കേതിക മേഖലയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വ്യാപാരം, വ്യവസായം, ൈവജ്ഞാനിക മേഖലകളുമായി സഹകരിച്ചാണ് പുതിയ കേന്ദ്രം പ്രവർത്തിക്കുക. ഇന്ത്യൻ ആർമിയിൽ കൂടുതൽ സാങ്കേതിക മികവ് കൊണ്ടുവരാൻ ഈ കേന്ദ്രത്തിന് കഴിയും. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകർ ഉദ്ഘാടനം ചെയ്തു.
കോവിഡിന് ശേഷം ആഗോള നിക്ഷേപക സംഗമം (ജിഐഎം) സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കർണാടക മാറിയെന്ന് മന്ത്രി പറഞ്ഞു. 9.8 ലക്ഷം കോടി രൂപയിലധികമുള്ള വിവിധ പദ്ധതികളുടെ ധാരണാപത്രങ്ങളിൽ സംഗമത്തിൽ ഒപ്പുവെച്ചു. ബഹിരാകാശം, പ്രതിരോധം മേഖലകളിൽ കർണാടക ഏറെ മുന്നിലാണ്. ഇന്ത്യൻ ൈസന്യത്തിൽ ബംഗളൂരുവിന്‍റെ സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതിൽ എ.എസ്.സി സെന്‍ററും കോളജും വലിയ ശ്രമങ്ങളാണ് നടത്തുന്നത്. ആർടിഎൻ-ബി കേന്ദ്രത്തിലൂടെ പ്രതിരോധ ആവശ്യങ്ങൾക്കായുള്ള അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും. വ്യവസായം, വൈജ്ഞാനികരംഗം, പുതുസംരംഭങ്ങൾ തുടങ്ങിയവക്ക് കേന്ദ്രത്തിലൂടെ പ്രയോജനം കിട്ടുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ സൈന്യം വൻ ആധുനികവൽക്കരണത്തിന്‍റെ പാതയിലാണെന്നും ഉയർന്ന സാങ്കേതിക മേഖലകളിൽ തദ്ദേശീയമായ കഴിവുകൾ ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നതെന്നും കരസേന ഉപമേധാവി ലെഫ്.ജനറൽ ബി.എസ്.രാജു പറഞ്ഞു.
ഇന്ത്യൻ ആർമിയുടെ 'മേക്ക് ഇൻ ഇന്ത്യ' സംരംഭത്തിന് നേതൃത്വം നൽകുന്നത് ആർമി ഡിസൈൻ ബ്യൂറോ (എഡിബി) ആണ്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ആർടിഎൻ-ബി നടത്തുക. പൂനെയിലാണ് രാജ്യത്തെ ആദ്യത്തെ റീജിയണൽ ടെക്നോളജി നോഡ് സ്ഥാപിച്ചത്. പ്രതിരോധ മേഖലയിൽ സ്വാശ്രയത്വത്തിനുള്ള പങ്ക് ഏറെ വലുതാണ്. 'മേക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' എന്നീ പദ്ധതികൾക്ക് ആർടിഎൻ-ബിക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും കരസേന ഉപമേധാവി പറഞ്ഞു.
എഎസ്‌സി സെന്‍റർ ആൻഡ് കോളേജിലെ ഡെപ്യൂട്ടി കമാൻഡന്‍റും ചീഫ് ഇൻസ്ട്രക്ടറുമായ മേജർ ജനറൽ സന്ദീപ് മഹാജൻ സ്വാഗതം പറഞ്ഞു. മേജർ ജനറൽ വി.എം. ചന്ദ്രൻ, ബ്രിഗേഡിയർ സഹുകാരി ചക്രവർത്തി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.