ന്യൂഡൽഹി: ശിരോമണി അകാലിദൾ നേതാവ് ബിക്രം സിങ് മജീദിയയോട് മാപ്പു പറഞ്ഞതിനു പിന്നാലെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോടും കോൺഗ്രസ് നേതാവ് കപിൽ സിബലിനോടും ക്ഷമചോദിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഉന്നയിച്ച ആരോപണത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി കാണിച്ച് നിതിൻ ഗഡ്കരിക്ക് കെജ്രിവാൾ കത്തയച്ചു. വേണ്ടത്ര മനസ്സിലാക്കാതെയായിരുന്നു പ്രസ്താവന. വ്യക്തിപരമായി ഒരു വിദ്വേഷവും ഇല്ല. സംഭവത്തിൽ ഞാൻ ഖേദിക്കുന്നു. ഈ പ്രശ്നം നമുക്ക് ഇവിടെവെച്ച് അവസാനിപ്പിക്കാമെന്നും കെജ്രിവാൾ കത്തിൽ പറയുന്നു.
ഇതേതുടർന്ന്, കെജ്രിവാളിനെതിരെ നൽകിയ മാനനഷ്ട കേസ് നിതിൻ ഗഡ്കരി പിൻവലിച്ചു. കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് കാണിച്ച് ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഗഡ്കരിയും കെജ്രിവാളും സംയുക്ത ഹരജി നൽകി. അഴിമതിക്കാരുടെ പട്ടികയിൽ മന്ത്രിയുടെ പേരും ചേർത്ത് നടത്തിയ പ്രസ്താവനയെത്തുടർന്ന്് 2014ൽ ആണ് ഗഡ്കരി കെജ്രിവാളിനെതിരെ നിയമനടപടി സ്വീകരിച്ചത്.
വോഡഫോൺ കമ്പനിക്ക് നികുതിയിളവ് ലഭിക്കാൻ ഇടെപട്ടു എന്നായിരുന്നു കപിൽ സിബലിനെതിരെ കെജ്രിവാളിെൻറ ആരോപണം.
ഇതേതുടർന്ന് സിബലിെൻറ മകൻ അമിത് സിബലാണ് പരാതി നൽകിയത്. നിയമനടപടികൾ അവസാനിപ്പിക്കുമെന്ന് കപിൽ സിബലും വ്യക്തമാക്കിയിട്ടുണ്ട്. കേസിലകപ്പെട്ട മനീഷ് സിസോദിയയും കപിൽ സിബലിനോട് മാപ്പ് പറഞ്ഞിട്ടുണ്ട്. കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലി, കോൺഗ്രസ് നേതാവ് ഷീലാ ദീക്ഷിത് തുടങ്ങിയവരടക്കം നൽകിയ 31 മാനനഷ്ട കേസുകളാണ് കെജ്രിവാളിനെതിരെ ഇനിയും വിവിധ കോടതികളിലായുള്ളത്.
കേസ് നടത്തിപ്പിനുള്ള സാമ്പത്തിക പ്രയാസമാണ് മാപ്പ് പറച്ചിലിന് കാരണമായി ആം ആദ്മി പാർട്ടി പറയുന്നത്. അതേസമയം, കെജ്രിവാളിെൻറ മാപ്പിൽ പാർട്ടിയുടെ പഞ്ചാബ് ഘടകത്തിലുണ്ടായ ഭിന്നിപ്പ് രൂക്ഷമായി. വിമതസ്വരം ഉയർത്തിയവരോടും മറ്റും എം.എൽ.എമാരോടും ക്ഷമാപണം നടത്താനുണ്ടായ കാര്യം കെജ്രിവാൾ നേരിട്ടുകണ്ടും വിശദീകരിക്കാനാണ് പാർട്ടി തീരുമാനം. ക്ഷമാപണം തുടരുന്ന കെജ്രിവാളിനെ പരിഹസിച്ച് വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. അരവിന്ദ് ‘സോറി’ കെജ്രിവാളായി ആം ആദ്മി പാർട്ടി നേതാവ് മാറിയെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.