ന്യൂഡൽഹി: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കു നേരെ അക്രമ സംഭവങ്ങൾ വർധിക്കുന്നത് ആശങ്കാജനകമെന്ന് ഇന്ത്യ. സംഭവങ്ങളുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലെ ഇടക്കാല സർക്കാറിനെ ആശങ്ക അറിയിച്ചുവെന്നും വിദേശകാര്യ മന്ത്രാലയം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സംഭവത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഇടക്കാല സർക്കാർ നിറവേറ്റണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജയ്സ്വാൾ ആവശ്യപ്പെട്ടു. ദിനംപ്രതി ബംഗ്ലാദേശിൽ നിന്നും നിരവധി അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ സംഭവവികാസങ്ങൾ മാധ്യമങ്ങളുടെ അതിശയോക്തിയായി മാത്രം തള്ളിക്കളയാനാവില്ല. സാമൂഹിക സേവനത്തിന്റെ പാരമ്പര്യമുള്ള ആഗോളതലത്തിൽ അറിയപ്പെടുന്ന സ്ഥാപനമാണ് ഇസ്കോൺ. അതിനെ തീവ്രവാദ സംഘടന എന്ന് ബംഗ്ലാദേശ് വിശേഷിപ്പിക്കുന്നത് ശരിയല്ല. ചിൻമോയ് കൃഷ്ണ ദാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട നിയമനടപടികളിൽ നീതി ഉറപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അറസ്റ്റ് ചെയ്ത ചിന്മോയെ വിട്ടയക്കണമെന്ന് ബംഗ്ലാദേശിന്റെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ശൈഖ് ഹസീന ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യത്തിനൊപ്പം എല്ലാ സമുദായങ്ങളിലെയും ആളുകളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വവും ഉറപ്പാക്കണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.