ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ വർഷം ഓഫിസിലെത്തിയത് രണ്ടുതവണ മാത്രമെന്ന് പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുന്‍മന്ത്രി കപില്‍മിശ്ര. ബ്ളോഗിലൂടെയാണ് കപിൽ മിശ്ര ഇത്തവണ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അഴിമതി ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉയരുകയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളില്‍ റെയ്ഡുകള്‍ നടക്കുകയും ചെയ്യുമ്പോള്‍ മുഖ്യമന്ത്രി എന്തു ചെയ്യുകയാണ്? ആരോപണങ്ങൾക്ക് ഉത്തരം പറയുകയോ ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യാതെ വീട്ടില്‍തന്നെ കഴിയുന്ന മുഖ്യമന്ത്രി 'സർക്കാർ 3' എന്ന സിനിമ കാണാൻ വേണ്ടി മാത്രമാണ് പുറത്തിറങ്ങിയത്. മിശ്ര തന്‍റെ പോസ്റ്റിൽ പറയുന്നു.
ഏറ്റവും കുറച്ച് സമയം ജോലിചെയ്യുകയും ഏറ്റവും കൂടുതല്‍ അവധിയെടുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് കെജ് രിവാൾ. അദ്ദേഹം സെക്രട്ടേറിയേറ്റിന്‍റെ പടികൾ കയറിയിട്ട് എത്ര ദിവസങ്ങളായിക്കാണുമെന്ന് ഡൽഹിയിലെ ജനങ്ങൾക്കറിയാമോ എന്നും മിശ്ര ചോദിക്കുന്നു. സ്വന്തമായി വകുപ്പുകളൊന്നും അദ്ദേഹം കൈകാര്യം ചെയ്യുന്നില്ല. ഏറ്റവും കൂടുതല്‍ അഴിമതിക്കേസുകള്‍ നേരിടുന്ന മുഖ്യമന്ത്രിയായി വൈകാതെ അദ്ദേഹം മാറുമെന്നും മിശ്ര ബ്ളോഗിൽ കുറിച്ചു.
ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിലെ ജല വകുപ്പ് മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട കപില്‍ മിശ്ര മുഖ്യമന്ത്രി കെജ്‌രിവാളിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഡല്‍ഹി മന്ത്രി സത്യേന്ദ്ര ജയിനില്‍നിന്ന് കെജ്‌രിവാള്‍ രണ്ടുകോടിരൂപ കൈപ്പറ്റി എന്നതടക്കമുള്ള ആരോപണങ്ങളാണ് മിശ്ര ഉന്നയിച്ചത്. ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ടും കപില്‍ മിശ്ര ആരോപണം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.