ഗുവാഹതി: ഏപ്രിൽ- മേയ് മാസത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് പട്ടാള കരിനിയമമായ അഫ്സ്പ ആറു മാസത്തേക്കു കൂടി നീട്ടി. ഗവർണർ ജഗദീഷ് മുഖിയാണ് ബുധനാഴ്ച ഉത്തരവിറക്കിയത്. '1958ലെ സായുധ സേന (പ്രത്യേക അധികാര) നിയമം മൂന്നാം വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗപ്പെടുത്തി സംസ്ഥാന സംഘർഷ മേഖലയായി പ്രഖ്യാപിക്കുകയാണെന്നും ഫെബ്രുവരി 27 മുതൽ ആറു മാസം അഫ്സ്പ തുടരുമെന്നും' സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് അവസാനമായി സംസ്ഥാനത്ത് അഫ്സ്പ നീട്ടിയത്. നിലവിൽ പ്രശ്നങ്ങൾ അടങ്ങിയ സാഹചര്യമായിട്ടും സംസ്ഥാനത്ത് എന്തിന് കരിനിയമം നീട്ടിയെന്നതിന് അധികൃതർ വിശദീകരണം നൽകിയിട്ടില്ല. എന്നാൽ, ചില തീവ്രവാദി ഗ്രൂപുകൾ ഇപ്പോഴും സജീവമാണെന്നും അതിനാലാണ് ദീർഘിപ്പിച്ചതെന്നും ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യ ടുഡെയോട് പറഞ്ഞു. കഴിഞ്ഞ ആറു മാസത്തിനിടെ പലയിടത്തുനിന്നായി ആയുധങ്ങൾ കണ്ടെത്തിയെന്നും പറയുന്നു.
പരിശോധന നടത്തി അറസ്റ്റു ചെയ്യാൻ പട്ടാളത്തിന് പരിധിവിട്ട അധികാരം നൽകുന്ന നിയമമാണ് സായുധ സേന (പ്രത്യേക അധികാര) നിയമം എന്ന അഫ്സ്പ. 'ആവശ്യമെങ്കിൽ' വെടിയുതിർക്കുകയുമാകാം. ഇവക്കൊന്നും പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടിവരില്ല. പഴയ കോളനി കാലത്തിന്‍റെ ബാക്കിപത്രമായ നിയമം സംഘർഷ ബാധിത പ്രദേശങ്ങളെ ഉദ്ദേശിച്ചാണ് നിലനിർത്തുന്നതെങ്കിലും സർക്കാറുകൾ ദുരുപയോഗം ചെയ്യുനനതായി വിമർശനം ശക്തമാണ്.
നിയമം നടപ്പാക്കാൻ സംസ്ഥാനത്തെ മൊത്തമായോ നിശ്ചിത പ്രദേശങ്ങളെയോ സംഘർഷ ബാധിതമായി പ്രഖ്യാപിക്കണം. വംശീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ 1980കളിലാണ് ആസാമിൽ ആദ്യമായി അഫ്സ്പ നടപ്പാക്കുന്നത്. 2019ൽ മാത്രം രണ്ടുതവണ ബി.ജെ.പി സർക്കാർ സംസ്ഥാനത്ത് നിയമം നീട്ടിയിരുന്നു. ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ചൂണ്ടിക്കാട്ടിയായിരുന്നു ദീർഘിപ്പിക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.