ന്യൂഡൽഹി: ആതിഷി മർലേനക്ക് അവശേഷിക്കുന്ന അഞ്ചുമാസം ഡൽഹി മുഖ്യമന്ത്രി പദത്തിലേക്ക് വഴിയൊരുക്കി ആം ആദ്മി പാർട്ടി തലവൻ അരവിന്ദ് കെജ്രിവാൾ സ്ഥാനം രാജിവെച്ചു. ഡൽഹി മദ്യനയ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽമോചിതനായ കെജ്രിവാൾ ചൊവ്വാഴ്ച വൈകീട്ട് ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയെ വസതിയിൽ ചെന്നുകണ്ടാണ് രാജിക്കത്ത് കൈമാറിയത്. നേരത്തേ ചേർന്ന പാർലമെന്ററി പാർട്ടി യോഗം ആതിഷിയെ നേതാവായി തെരഞ്ഞെടുത്തിരുന്നു. പുതിയ മന്ത്രിസഭ രൂപവത്കരിക്കാനുള്ള കത്ത് നിയുക്ത മുഖ്യമന്ത്രി ആതിഷി ലഫ്റ്റനന്റ് ഗവർണർക്ക് കൈമാറി. മുതിർന്ന നേതാക്കളായ മനീഷ് സിസോദിയ, ഗോപാൽറായ്, സഞ്ജയ് സിങ് എന്നിവരും കെജ്രിവാളിനൊപ്പമുണ്ടായിരുന്നു. സർക്കാറുണ്ടാക്കാനുള്ള അവകാശവാദത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാലുടൻ ഡൽഹിയുടെ മൂന്നാമത് വനിത മുഖ്യമന്ത്രിയായി ആതിഷി അധികാരമേൽക്കും. മന്ത്രിസഭ അഴിച്ചുപണിയും ചർച്ചയിലുണ്ട്.
ഡൽഹി സർവകലാശാല പ്രഫസർ വിജയ് സിങ്ങിന്റെയും മനുഷ്യാവകാശ പ്രവർത്തക തൃപ്ത വാഹിയുടെയും മകളായ 43കാരി ആതിഷി മർലേന നിലവിലെ മന്ത്രിസഭയിൽ വിദ്യാഭ്യാസ-ധനകാര്യ- പൊതുമരാമത്ത്-റവന്യൂ-ഊർജ-ജല-സേവന-പബ്ലിക് റിലേഷൻസ് വകുപ്പ് മന്ത്രിയാണ്. ഡൽഹി മദ്യനയ കേസിൽ കെജ്രിവാൾ ജയിലിലായിരിക്കേ അവസാന ബജറ്റ് അവതരിപ്പിച്ചതും അവരായിരുന്നു. കെജ്രിവാൾ രാജിക്കത്ത് സമർപ്പിച്ചെന്നും ഡൽഹിയിലെ ജനങ്ങൾക്ക് ഇതൊരു ദുഃഖ ദിവസമാണെന്നും ആതിഷി മാധ്യമങ്ങളോട് പറഞ്ഞു. അരവിന്ദ് കെജ്രിവാളും ആം ആദ്മി പാർട്ടിയും തന്നിൽ വിശ്വാസമർപ്പിച്ചിരിക്കുന്നു. ഈ വിശ്വാസത്തിൽ സന്തോഷിക്കുമ്പോഴും കെജ്രിവാൾ രാജിവെച്ചതിൽ ദുഃഖിതയാണ്.
കെജ്രിവാളിനെ വീണ്ടും മുഖ്യമന്ത്രിയാക്കുമെന്നത് ഡൽഹിയിലെ ജനം തീരുമാനിച്ചുകഴിഞ്ഞതാണ്. കെജ്രിവാൾ ഡൽഹിക്ക് നൽകിയ സേവനങ്ങൾ അടുത്ത തെരഞ്ഞെടുപ്പുവരെ ഉറപ്പുവരുത്തേണ്ടത് തന്റെ ബാധ്യതയാണ്. പുതിയ സർക്കാറുണ്ടാക്കി കെജ്രിവാളിന്റെ പാതയിൽ ഡൽഹിയെ താൻ നയിക്കുമെന്നും ആതിഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.