സംഭലിലും ‘അയോധ്യ മോഡൽ’; ജുമാമസ്ജിദിന് സമീപത്തെ പൊലീസ് ഔട്ട്‌പോസ്റ്റിന് ‘ഭൂമി പൂജ’ നടത്തി അധികൃതർ

ലക്നോ: നവംബർ 24ന് നാലു പേരുടെ മരണത്തിനിടയാക്കിയ സംഘർഷത്തിന്റെ പ്രഭവകേന്ദ്രമായ സംഭൽ മസ്ജിദിന് സമീപത്ത് പൊലീസ് ഔട്ട്‌പോസ്റ്റിനായി ജില്ലാ അധികാരികൾ ‘ഭൂമി പൂജ’ നടത്തി. ശനിയാഴ്ച  മസ്ജിദിനു മുന്നിലെ തുറസ്സായ മൈതാനം അളന്ന് തിട്ടപ്പെടുത്തിയതിനു പിന്നാലെയാണ് ‘ഭൂമി പൂജ’. എൺപതുകളിലും തൊണ്ണൂറുകളിലും അയോധ്യയിലെ ബാബരി മസ്ജിദിനെതിരെ സംഘ്പരിവാർ രാഷ്ട്രീയ ആക്കം കൂട്ടിയതിനു സമാനമായി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഏറ്റവും പുതിയ ഹിന്ദുത്വ പരീക്ഷണത്തിലുള്ള സംഭലിന്റെ പ്രാധാന്യം അടിവരയിടുന്നതാണ് ഈ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

അഡീഷനൽ പൊലീസ് സൂപ്രണ്ട് ശ്രീ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം ജുമാ മസ്ജിദിന് സമീപമുള്ള ‘സർക്കാർ ഭൂമി’ അളന്ന് ഒരു പൊലീസ് സ്റ്റേഷന് അനുയോജ്യമാണെന്ന് കണ്ടെത്തി. പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥന നടക്കുമ്പോഴായിരുന്നു ഇത്. പിന്നീട്, ചില പ്രദേശവാസികൾ ചന്ദ്രയെ കാണുകയും അവർ സർവേ നടത്തിയ പ്ലോട്ടുകളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ കാണിക്കുകയും ചെയ്തു. 

1940കളുടെ അവസാനത്തിൽ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മഹന്ത് ദിഗ്‌വിജയ്‌നാഥ് ബാബറി മസ്ജിദിനു പകരം രാമക്ഷേത്രം സ്ഥാപിക്കാനുള്ള നീക്കത്തിന് നേതൃത്വം നൽകിയപ്പോൾ, രാമജന്മഭൂമി പൊലീസ് ചൗക്കി (ഔട്ട്‌പോസ്റ്റ്) സ്ഥാപിക്കുന്നതിന് അയോധ്യയും സാക്ഷ്യം വഹിച്ചിരുന്നു. മഹന്തിന്റെ പിൻഗാമിയായ വൈദ്യനാഥ് പിന്നീട് കുറച്ചുകാലം പ്രസ്ഥാനത്തെ നയിച്ചു. ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ മഹന്ത് എന്ന നിലയിൽ വൈദ്യനാഥിന്റെ പിൻഗാമിയായ ആദിത്യനാഥിന്റെ കീഴിലും സംഭൽ സമാനമായ ഒരു വിവാദത്തിന്റെ കേന്ദ്രമായി മാറുകയാണ്. 

മുഗൾ ചക്രവർത്തി ബാബർ ആ സ്ഥലത്ത് നിലനിന്നിരുന്ന ഒരു ക്ഷേത്രം തകർത്ത് മസ്ജിദ് നിർമിച്ചുവെന്ന അവകാശവാദത്തെ തുടർന്ന് കോടതി ഉത്തരവിട്ട ജുമാ മസ്ജിദിന്റെ സർവേക്കിടെയാണ് നവംബർ 24ന് നാലു പേരെ കൊലപ്പെടുത്തിയ ആൾക്കൂട്ട പൊലീസ് ഏറ്റുമുട്ടൽ നടന്നത്. രാമക്ഷേത്രം തകർത്ത് ബാബരി മസ്ജിദ് പണിതുവെന്ന ആരോപണത്തിന് ആക്കം കൂട്ടിയതിന്റെ സമാന നീക്കത്തെ ഇത് സൂചിപ്പിക്കുന്നു. ഒടുവിൽ, ഹിന്ദുത്വ ആൾക്കൂട്ടം മസ്ജിദ് നശിപ്പിച്ചു. 2019ൽ സുപ്രീംകോടതി ഈ സ്ഥലം ഹിന്ദു ഹരജിക്കാർക്ക് കൈമാറി.

നവംബർ 24ലെ അക്രമത്തിന്റെ പശ്ചാത്തലത്തിൽ ആസൂത്രണം ചെയ്തതാണ് മസ്ജിദിന് സമീപമുള്ള ഔട്ട്‌പോസ്റ്റ്. സംഭൽ പൊലീസ് സ്റ്റേഷന്റെ കീഴിലായിരിക്കും മസ്ജിദ് പ്രവർത്തിക്കുക. ‘ഭൂമി പൂജയും തറക്കല്ലിടൽ ചടങ്ങും എല്ലാ അനുഷ്ഠാനങ്ങളും പാലിച്ചാണ് നടത്തിയത്. കൂടാതെ, നിർമാണത്തിൽ വാസ്തുദോഷം ഇല്ലെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചു’- പുരോഹിതൻ ശോഭിത് ശാസ്ത്രി പറഞ്ഞു. ‘ഷാഹി ജുമാ മസ്ജിദിന് സമീപമുള്ള പുതിയ പൊലീസ് ഔട്ട്‌പോസ്റ്റിന്റെ ഭൂമി പൂജ പൂർത്തിയായി. സുരക്ഷാ വീക്ഷണകോണിലാണ് ഈ ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുന്നത്. ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ ഇതിനകം ഇവിടെ വിന്യസിച്ചിട്ടുണ്ട്. സ്ഥിരമായ ഒരു ഔട്ട്‌പോസ്‌റ്റ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം’ -അഡീഷണൽ പൊലീസ് സൂപ്രണ്ട് ശിരീഷ് ചന്ദ്രയും പറഞ്ഞു:

മറ്റൊരു വിവാദമായ നീക്കത്തിലൂടെ യോഗി സർക്കാർ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ സംഭലിലെ ജുമാ മസ്ജിദിന് സമീപമുള്ള രണ്ട് സ്ഥലങ്ങളിൽ വിന്യസിച്ചു. മതപരമായ പ്രാധാന്യമുള്ള പഴയ കെട്ടിടങ്ങൾ ഉണ്ടായിരുന്നതിന്റെ തെളിവ് കുഴിച്ചെടുക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഈ ആഴ്ച ആദ്യം തന്നെ ഖനനം ആരംഭിച്ചു. ‘മതപരമായ പ്രാധാന്യമുള്ള ചില ഘടനകൾ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സ്ഥലം വൃത്തിയാക്കുകയും അപ്രോച്ച് റോഡുകൾ നിർമിക്കുകയും അവ നവീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുക്കുകയും ചെയ്യും’- ജില്ല മജിസ്‌ട്രേറ്റ് രാജേന്ദ്ര പെൻസിയ പറഞ്ഞു.

എന്നാൽ, പൊലീസ് സ്റ്റേഷൻ നിർമിക്കാൻ ഭരണകൂടം കണ്ടെത്തിയ ഭൂമി ഭാഗികമായി പ്രദേശവാസികളുടെയും ഭാഗികമായി വഖഫ് ബോർഡിന്റേതുമാണെന്നും ഉടമസ്ഥാവകാശം ഉറപ്പാക്കാതെ അവർക്ക് ഇവിടെ ഒരു ഘടനയും ഉയർത്താൻ കഴിയില്ലെന്ന് മസ്ജിദ് സെക്രട്ടറി സഫർ അലി പറയുന്നു. അയോധ്യയെപ്പോലെ, പ്രാദേശിക കോടതിയിൽ നിന്നുള്ള ഉത്തരവിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെ തിടുക്കത്തിലുള്ള നടപടിയുടെയും അടിസ്ഥാനത്തിലാണ് സംഭൽ വിവാദവും പോഷിപ്പിച്ചത്.

Tags:    
News Summary - 'Ayodhya model' for Sambhal: 'Bhumi Pujan' for police outpost near Jama Masjid sparks controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.