കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിക്ക് മുന്നറിയിപ്പുമായി ബി.ജെ.പിയുടെ സുവേന്ദു അധികാരി. ബംഗാളിൽ അധികാരത്തിലെത്തിയാൽ മമതയെ ജയിലിൽ അയക്കുമെന്നാണ് അധികാരിയുടെ പ്രഖ്യാപനം.
സന്ദേശ്കാലി സംഭവവുമായി ബന്ധപ്പെട്ടാണ് സുവേന്ദു അധികാരിയുടെ പ്രതികരണം. തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രതികരിച്ച സന്ദേശ്കാലിയിലെ സ്ത്രീയെ മമത അറസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യത്തിലാണ് സുവേന്ദു അധികാരിയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.
ബി.ജെ.പി അധികാരത്തിലേക്ക് എത്തിയാൽ സന്ദേശ്കാലി സംഭവം അന്വേഷിക്കാൻ പ്രത്യേക കമീഷനെ നിയോഗിക്കും. തൃണമൂൽ കോൺഗ്രസിനെതിരെ പ്രതിഷേധിച്ച സ്ത്രീയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മമതയേയും ജയിലിലാക്കും.
സന്ദേശ്കാലിയിലെ ഇരയായ സ്‍ത്രീക്കെതിരെ വ്യാജ ആരോപണങ്ങളാണ് ചുമത്തിയിരിക്കുന്നത്. പാർട്ടിക്കുണ്ടായ നാണക്കേട് മറക്കുന്നതിനാണ് മമത ബാനർജി ഗ്രാമത്തിൽ സന്ദർശനം നടത്തിയത്. സന്ദേശ്കാലയിൽ വിജയിക്കാൻ മമത സ്റ്റിങ് ഓപ്പറേഷൻ നടത്തി. ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള ഒരു സ്ഥലത്തും മമതക്ക് സീറ്റ് നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സന്ദേശ്കാലിയിൽ ബി.ജെ.പിയാണ് ഇപ്പോൾ മുന്നിൽ. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി ഇവിടെ അധികാരത്തിലേക്ക് എത്തും. തൃണമൂലിന്റെ കുറ്റവിചാരണയായിരിക്കും അടുത്ത തെരഞ്ഞെടുപ്പിൽ നടക്കുക. ജനങ്ങൾ വലിയ മാർജിനിൽ തൃണമൂലിനെ തോൽപ്പിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു. ലൈംഗികാതിക്രമ പരാതി ഉയർന്നതിന് ശേഷം ഇതാദ്യമായി മമത ബാനർജി ഗ്രാമത്തിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുവേന്ദു അധികാരിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.