സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ 'പാകിസ്താൻ ഫുഡ് ഫെസ്റ്റിവൽ' നടത്താനൊരുങ്ങിയ ഹോട്ടലുടമയ്ക്ക് തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദളിന്റെ ഭീഷണി. റെസ്റ്റാറന്റിൽ പാകിസ്താൻ ഭക്ഷണം വിളമ്പിയാൽ അതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് ഹോട്ടലുടമ സന്ദീപ് ദവറിനെ ബജ്‌രംഗ്ദൾ നേതാവ് ദേവിപ്രസാദ് ദുബെയും സംഘവും ഭീഷണിപ്പെടുത്തി. ഹോട്ടലിനു മുന്നിൽ സ്ഥാപിച്ച 'പാകിസ്താൻ ഭക്ഷ്യമേള' ബാനർ അക്രമി സംഘം പരസ്യമായി കത്തിച്ചു. ജയ്ശ്രീറാം ആക്രോശിച്ച് ബാനർ കത്തിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സൂറത്തിൽ നിരവധി റെസ്റ്റാറന്‍റുകൾ നടത്തുന്ന 'ടേസ്റ്റ് ഓഫ് ഇന്ത്യ'യുടെ ബോർഡാണ് ഇവർ നശിപ്പിച്ചത്. ഡിസംബർ 12 മുതൽ 22 വരെ മേള നടത്താനായിരുന്ന തീരുമാനം. എന്നാൽ, ഇതേക്കുറിച്ച് കോൺഗ്രസ് അംഗമായ മുൻ സൂറത്ത് സിറ്റി കൗൺസിലർ അസ്ലം സൈക്കിൾവാല വീഡിയോ എടുത്ത് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തതോടെ ബജ്‌രംഗ്ദൾ ഏറ്റുപിടിക്കുകയായിരുന്നു.
മേളയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിന്നാണ് അറിഞ്ഞതെന്ന് ബജ്‌രംഗ്ദൾ നേതാവ് ദേവിപ്രസാദ് ദുബെ പറഞ്ഞു. "എന്തിനാണ് പാകിസ്താൻ ഭക്ഷ്യമേള സംഘടിപ്പിച്ചതെന്ന് അയാളോട് ചോദിച്ചിരുന്നു. മേള നടത്താൻ തീരുമാനിച്ച ഡിസംബർ 12 നും 22നും ഇടയിൽ ഞങ്ങളുടെ പ്രവർത്തകരെ ഹോട്ടലിലേക്ക് രഹസ്യമായി അയയ്ക്കും. റെസ്റ്റോറന്‍റിൽ പാകിസ്താൻ ഭക്ഷണം വിളമ്പിയാൽ അതിന്‍റെ അനന്തരഫലങ്ങൾക്ക് താൻ ഉത്തരവാദിയായിരിക്കുമെന്ന് ഞങ്ങൾ ഹോട്ടലുടമ സന്ദീപ് ദവറിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്'' -ദുബെ പറഞ്ഞു.
അതേസമയം, റസ്റ്റോറന്‍റ് ഉടമയ്ക്ക് ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്നും റസ്റ്റോറന്‍റിന്‍റെ ലൈസൻസ് റദ്ദാക്കണമെന്നും അസ്ലം സൈക്കിൾവാല പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. "ഇത്തരമൊരു മേള ഏതെങ്കിലും ഒരു മുസ്ലിം ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് നടത്തിയിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ? ഇവിടെ ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ള ഉടമയായതിനാൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ സാധ്യതയില്ല' -അസ്ലം സൈക്കിൾവാല പറഞ്ഞു.
അതിനിടെ, തന്‍റെ ഹോട്ടലിൽ നടത്താൻ തീരുമാനിച്ച പാകിസ്താൻ ഭക്ഷ്യമേള ഭീഷണിെയ തുടർന്ന് റദ്ദാക്കിയതായും പകരം കടൽവിഭവങ്ങളുടെ മേള സംഘടിപ്പിക്കുമെന്നും ഹോട്ടലുടമ മാധ്യമങ്ങളോട് പറഞ്ഞു. 'ഭക്ഷണം ലോകത്ത് എല്ലായിടത്തും സാധാരണ കാര്യമാണ്. എന്‍റെ റെസ്റ്റോറന്‍റ് പാകിസ്താനെതിരല്ല. ഇന്ത്യയ്‌ക്കെതിരായ അവരുടെ രാഷ്ട്രീയ നിലപാടുകളോട് എതിർപ്പുണ്ട്. ഞങ്ങൾ പാകിസ്താനിൽനിന്നുള്ള പാചകക്കാരനെ ക്ഷണിച്ചിട്ടില്ല. ഞങ്ങളുടെ തന്നെ ജീവനക്കാർ ഓൺലൈൻ വീഡിയോകളിലൂടെ പഠിച്ചെടുത്ത മെനുവാണ് ഭക്ഷണപ്രേമികൾക്കായി തയ്യാറാക്കുന്നത്' സന്ദീപ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.