പണിതീരാത്ത പാതയിൽ കോൺഗ്രസ് സംഘം സന്ദർശിക്കുന്നു

നാളെ മോദി ഉദ്ഘാടനം ചെയ്യുന്നത് പണിതീരാത്ത മൈസൂരു-ബംഗളൂരു അതിവേഗ പാത!

മംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം നടത്തുന്നതിന്റെ മുന്നോടിയായി കേന്ദ്ര തെര.കമ്മീഷൻ രാജീവ് കുമാർ കർണാടകയിൽ ക്യാമ്പ് ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തിരക്കിട്ട് ഉദ്ഘാടനം ചെയ്യുന്നത് പണിതീരാത്ത മൈസൂരു-ബംഗളൂരു അതിവേഗ 10 വരി പാതയെന്ന് ആക്ഷേപം.യു.പി.എ സർക്കാർ 3000 കോടി രൂപ എസ്റ്റിമേറ്റിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട ഈ പദ്ധതി 9551 കോടി രൂപക്കാണ് ബംഗളൂറു ആസ്ഥാനമായ ദിലിപ് ബിൽഡ്കോൺ ലിമിറ്റഡ് (ഡിബിഎൽ)കമ്പനിക്ക് കരാർ നൽകിയത്.

കേന്ദ്ര ഗതാഗത മന്ത്രി നിഥിൻ ഗഡ്കരി ഈ മാസം ഏഴിന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പടങ്ങളും യഥാർത്ഥ അവസ്ഥയും തമ്മിൽ വലിയ അന്തരമാണ് കോൺഗ്രസ് സംഘത്തിനൊപ്പം അര കിലോമീറ്റർ അതിവേഗ പാതയിലൂടെ നടന്ന മാധ്യമപ്രവർത്തകർക്ക് കാണാനായത്.പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ഞായറാഴ്ച ഏർപ്പെടുത്തുന്ന 12 മണിക്കൂർ ഗതാഗത നിയന്ത്രണം പാതയിലെ കരിങ്കൽ കൂമ്പാരവും പൊടിപടലവും ജനങ്ങളുടെ കണ്ണിൽ പെടാതിരിക്കാനാണെന്ന് ആക്ഷേപം ശരിവെക്കുന്ന ദൃശ്യങ്ങൾ.

കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ യാത്ര-വിനോദസഞ്ചാര വികസന മേഖലകളിൽ കുതിപ്പ് പ്രതീക്ഷിക്കുന്ന മൈസൂറു-ബംഗളൂറു പത്തുവരി അതിവേഗ പാത രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കാൻ മാണ്ട്യയിൽ ബി.ജെ.പിയുടെ വൻ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് മുൻ പൊതുമരാമത്ത് മന്ത്രി ഡോ.എച്ച്.സി.മഹാദേവപ്പയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം സിദ്ധലിംഗപുരയിൽ കാൽനട സന്ദർശനം നടത്തിയത്."കണ്ടല്ലോ, ഇതാണ് ഗഡ്കരി തന്ന് നിങ്ങൾ ജനങ്ങൾക്ക് കൊടുത്ത പാതയുടെ യഥാർത്ഥ അവസ്ഥ.."മഹാദേവപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞു.മൻമോഹൻ സിങ് പ്രധാനമന്ത്രിയായ യു.പി.എ സർക്കാറിന്റെ സ്വപ്ന പദ്ധതിയാണിതെന്ന് തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ മഹാദേവപ്പ അവകാശപ്പെട്ടു. നരേന്ദ്ര മോദി, നിഥിൻ ഗഡ്കരി, ബിജെപി എം.പി പ്രതാപ് സിംഹ എന്നിവർക്കോ എൻ.ഡി.എ സർക്കാറിനോ ഇതിൽ പ്രത്യേകമായി ഒന്നും അവകാശപ്പെടാനില്ല.കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഓസ്കാർ ഫെർണാണ്ടസ് കേന്ദ്ര മന്ത്രിയും സിദ്ധാരാമയ്യ മുഖ്യമന്ത്രിയുമായിരിക്കെയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് നീക്കിയത്.മൈസൂറുവും ബംഗളൂറുവുമായി ബന്ധിപ്പിക്കുന്ന സംസ്ഥാന ദേശീയ പാത 17 രണ്ടാം യുപിഎ ഭരണത്തിൽ 2014 മാർച്ച് നാലിനാണ് ദേശീയ പാതയായി ഉയർത്തിയത്.പാത വികസനത്തിനുള്ള വിശദ പദ്ധതി റിപ്പോർട്ടും തയ്യാറാക്കി.പദ്ധതി കോർഡിനേഷൻ ഓഫീസ് 20 ലക്ഷം രൂപ മുടക്കി രാമനഗരയിൽ ഉടൻ സ്ഥാപിച്ചത് കർണാടക സർക്കാറാണ്.ഈ തുക കേന്ദ്രം 2017ലാണ് സംസ്ഥാനത്തിന് വകവെച്ചു തന്നത്.സ്ഥലമെടുപ്പ് നടപടികൾ സംസ്ഥാന സർക്കാർ 2015-16ൽ ദ്രുതഗതിയിലാണ് പൂർത്തിയാക്കിയത്. ദേശീയ പാത അതോറിറ്റിയുടെ സ്വന്തം ആശയവും പദ്ധതിയുമായി ഇത് അവതരിപ്പിക്കുന്നത് അല്പത്തമാണ്.യു.പി.എ സർക്കാർ എസ്റ്റിമേറ്റ് പ്രകാരം 3000 കോടി രൂപയിൽ പാതയുടെ പ്രവൃത്തി തീരണം.മോദി സർക്കാർ ഇത് 9551 രൂപയായി ഉയർത്തി.പദ്ധതി പൂർത്തിയാവുമ്പോഴേക്കും തുക 12,000 കോടിയായി ഉയർത്തി നൽകും.

ടോൾ പിരിവ് വാഹന ഉപയോഗിക്കുന്നവരുടെ നടുവൊടിക്കും എന്ന് മഹാദേവപ്പ പറഞ്ഞു.ബംഗളൂറുവിൽ നിന്ന് നിഡഘട്ടയിലേക്ക് 135 രൂപയാണ് ചുങ്കം.മാണ്ട്യയിൽ എത്തുമ്പോൾ 165 രൂപയാവും.ദേശീയ പാത അതോറിറ്റിയുടെ വിജ്ഞാപനം അനുസരിച്ച് അതിവേഗ പാതയിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ യാത്ര ചെയ്യാൻ 300 രൂപ ചുങ്കം നൽകണം.ഇരുദിശയിൽ നൽകേണ്ടിവരുക 600 രൂപയാവുമെന്ന് മുൻ മന്ത്രി ചൂണ്ടിക്കാട്ടി. പാത ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ ലക്ഷവും ഒന്നര കിലോമീറ്റർ റോഡ് ഷോയിൽ 40,000വും പേരെ പങ്കെടുപ്പിക്കാനുള്ള ഒരുക്കങ്ങളാണ് മാണ്ട്യയിൽ പൂർത്തിയാവുന്നത്.

Tags:    
News Summary - Bengaluru-Mysuru Expressway Inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.