മമതയുടെ അനുഗ്രഹമില്ലെങ്കിലും മോദിയുടെ മാർഗദർശനത്താൽ നന്നായി പ്രവർത്തിക്കുന്നുവെന്ന് വിശ്വ ഭാരതി സർവകലാശാല

കൊൽക്കത്ത: വിശ്വഭാരതി സർവകലാശാലയുടെ ഭൂമി നൊബേൽ ജേതാവ് അമർത്യാ സെന്നിന് അനധികൃതമായി കൈമാറിയെന്ന് ആരോപിച്ച് സർവകലാശാലയും പശ്ചിമബംഗാൾ മുഖ്യമ​ന്ത്രിയും തർക്കം രൂക്ഷമാകുന്നതിനിടെ പുതിയ പ്രസ്താവനയുമായി സർവകലാശാല രംഗത്ത്.

വാർത്താ സമ്മേളനത്തിനിടെയതാണ് സർവകലാശാല മുഖ്യമന്ത്രിക്കെതിരെ പ്രസ്താവനയുമായി എത്തിയത്. ‘വിശ്വ ഭാരതി കേന്ദ്ര സർവകലാശാലയാണ്. നിങ്ങളുടെ അനുഗ്രഹമില്ലാത്തതിനാൽ ഞങ്ങൾ നന്നായി പോകുന്നുണ്ട്. ഞങ്ങൾ പ്രധാനമന്ത്രിയിൽ നിന്നാണ് മാർഗ ദർശനം സ്വീകരിക്കുന്നത്’ എന്നാണ് സർവകലാശാല വക്താവ് മഹുവ ബാനർജി ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നത്.

നേരത്തെ അമർത്യാ സെൻ അനധികൃതമായി ഭൂമി കൈപ്പറ്റിയെന്ന സർവകലാശാലയുടെ ആരോപണത്തിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഭൂമി അമർത്യാസെന്നിന്റെ പിതാവ് അശുതോഷ് സെന്നിന് നൽകിയതാണെന്നും അത് അനധികൃതമായിരുന്നില്ലെന്നും കാണിക്കുന്ന സർക്കാർ രേഖകൾ മുഖ്യമന്ത്രി പുറത്തു വിട്ടു.

‘എനിക്ക് സത്യസന്ധമായ വിവരങ്ങളാണ് പങ്കുവെക്കാനുള്ളത്. അദ്ദേഹത്തെ അപമാനിക്കാൻ നിങ്ങൾക്ക് എന്തും പറയാം. ഞാൻ ഈ രേഖകളെല്ലം അമർത്യാസെന്നിനു കൈമാറും. ഭാവിയിൽ ബി.ജെ.പി ഇത്തരത്തിൽ അദ്ദേഹത്തെ അപമാനിക്കാതിരിക്കാനാണ് അത്.’ -മമതാ ബാനർജി പറഞ്ഞു.

വിശ്വ ഭാരതി സർവകലാശാല പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനാലാണ് ശ്രദ്ധിക്കേണ്ടതെന്നും വിദ്യാർഥികളെ കാവിവൽക്കരിക്കുന്നതിലാകരുതെന്നും അവർ കൂട്ടിച്ചേർത്തു.

അമർത്യാ സെന്നിന് നൊബേൽ പ്രൈസിന് ലഭിച്ചതിനെ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ അപമാനിക്കാൻ വേണ്ടി പറഞ്ഞതല്ലെന്ന് പറഞ്ഞ സർവകലാശാല ​വൈസ് ചാൻസലറെ പേരെടുത്ത് പറയാതെയാണ് മുഖ്യമന്ത്രിയുടെ മറുപടി.

വിദ്യാർഥികളെയും അധ്യാപകരെയും ബലപ്രയോഗത്തിലൂടെ കാവിവത്കരിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ആരും കൂടെ നിന്നില്ലെങ്കിലും ഞാനതിനെ എതിർക്കും. -മമതാ ബാനർജി പറഞ്ഞു. സർവകലാശാല അമർത്യാസെന്നിനോട് മാപ്പ് പറയണമെന്നും മമത വ്യക്തമാക്കി.

പട്ടയ പ്രകാരം 1.25 ഏക്കർ സ്ഥലമാണ് അമർത്യാസെന്നിന് കൈമാറിയതെന്നും എന്നാൽ 1.38 ഏക്കർ ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നുവെന്നുമായിരുന്നു നേരത്തെ സർവകലാശാല ​വൈസ് ചാൻസലർ ബിഡ്യറ്റ് ചക്രബർത്തി ആരോപിച്ചത്. 

Tags:    
News Summary - "Better Off Without Your Blessing": Bengal University To Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.