ന്യൂഡൽഹി: ഹരിയാനയിലെ സിംഘു അതിർത്തിയിൽ പ്രതിഷേധത്തിനിടെ കർഷകൻ മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു.
കർഷക സമരത്തിനിടെ ഇതുവരെ 700ലേറെ കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാറിന്‍റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത ബന്ദിനെ തുടർന്ന് തലസ്ഥാന നഗരിയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
ഭാരത് ബന്ദിൽ രാജ്യതലസ്ഥാനം നിശ്ചലമായി. കർഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡൽഹി- ഗുരുഗ്രാം അതിർത്തിയിൽ ഒന്നര കിലോമീറ്ററിൽ അധികം ദൂരം ഗതാഗത തടസം അനുഭവപ്പെട്ടു.ദേശീയപാതയിലെ വൻ ഗതാഗതക്കുരുക്കിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഗുരുഗ്രാമിൽനിന്ന് ഡൽഹിയിൽ പ്രവേശിപ്പിക്കാൻ ഒരുങ്ങിയ വാഹനങ്ങളാണ് കുരുക്കിൽ അകപ്പെട്ടത്. കർഷക ബന്ദിന്‍റെ ഭാഗമായി ഡൽഹിയിലും അതിർത്തി പ്രദേശങ്ങളിലും കർശന സുരക്ഷ -നിരീക്ഷണം ഡൽഹി പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്രസർക്കാറിൻറെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് കർഷക പ്രക്ഷോഭം. 40ഓളം കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം. കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പാസാക്കിയിട്ട് ഒരു വർഷം സെപ്റ്റംബർ 17ന് തികയും. ഇതേതുടർന്നാണ് തിങ്കളാഴ്ച ഭാരത് ബന്ദ് ആചരിക്കുന്നത്.
കർഷക സംഘടനകളെ കൂടാതെ കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, ബഹുജൻ സമാജ്വാദി പാർട്ടി, ആം ആദ്മി പാർട്ടി, സമാജ്വാദി പാർട്ടി, തെലുങ്ക്ദേശം പാർട്ടി തുടങ്ങിയവ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.