ബംഗളൂരു: ശാരീരിക അവശതകൾക്കിടയിലും കർണാടകയുടെ തെരുവിലൂടെ ആവേശം തീർത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കാൽനടയാത്ര. മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുരയിൽ നടന്ന 'ഭാരത് ജോഡോ യാത്ര'യിലാണ് സോണിയ ഗാന്ധി പങ്കെടുത്തത്. മകനും യാത്രാനായകനുമായ രാഹുൽ ഗാന്ധിക്കും നേതാക്കൾക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പം അൽപദൂരം നടന്ന സോണിയ തടിച്ചുകൂടിയ ആയിരങ്ങൾക്ക് ആവേശമായി. യാത്രക്കിടെ അമ്മയുടെ ഷൂവിന്റെ ചരട് രാഹുൽ ഗാന്ധി കെട്ടിക്കൊടുത്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ആരോഗ്യകരമായ കാരണങ്ങളാൽ യാത്രയിൽ ഇനി നടക്കേണ്ടതില്ലെന്ന രാഹുലിന്റെ ആവശ്യം ആദ്യം സോണിയ സമ്മതിച്ചില്ലെങ്കിലും നിർബന്ധത്തിനൊടുവിൽ പിന്നീട് കാറിൽ കയറുകയായിരുന്നു. തുടർന്ന് കാറിലായിരുന്നു അവർ യാത്രയിൽ പങ്കെടുത്തത്. സോണിയയുടെ വരവ് സംസ്ഥാനത്തെ പാർട്ടിക്ക് പുത്തനുണർവ് നൽകുന്നതായി. നവരാത്രി ആഘോഷം, മൈസൂരു ദസറ എന്നിവ പ്രമാണിച്ച് യാത്രക്ക് രണ്ടുദിവസം അവധി നൽകിയിരുന്നു. തുടർന്ന് പുനരാരംഭിച്ച വ്യാഴാഴ്ചതന്നെ സോണിയ പങ്കെടുക്കുന്നത് പ്രവർത്തകർ ഏറെ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്നാണ് 'ഭാരത് ജോഡോ യാത്ര' തുടങ്ങിയത്. അന്ന് സോണിയ ചികിത്സക്കായി വിദേശത്തായിരുന്നു. ഇതാദ്യമായാണ് അവർ യാത്രയിൽ പങ്കെടുക്കുന്നതെന്ന പ്രത്യേകതയും കർണാടകയിലെ പരിപാടിക്കുണ്ടായിരുന്നു.
കഴിഞ്ഞ ദിവസംതന്നെ മൈസൂരുവിൽ എത്തിയ സോണിയ ഗാന്ധി ബുധനാഴ്ച ബേഗൂർ ഗ്രാമത്തിലെ ഭീമനകൊള്ളി ക്ഷേത്രത്തിലെ ദസറ പ്രാർഥനയിൽ പങ്കെടുത്തിരുന്നു. സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറുമായും പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യയുമായും കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള പോരിൽ സോണിയ അസംതൃപ്തി അറിയിച്ചിട്ടുണ്ട്. പാർട്ടി അധ്യക്ഷ യാത്രയുടെ ഭാഗമായതിൽ അഭിമാനമുണ്ടെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. പ്രിയങ്ക ഗാന്ധിയും യാത്രയിൽ പങ്കെടുക്കാൻ കർണാടകയിൽ എത്തുന്നുണ്ട്. ആകെ 21 ദിവസത്തിൽ 511 കിലോമീറ്റർ ദൂരമാണ് ഭാരത് ജോഡോ യാത്ര കർണാടകയിൽ പര്യടനം നടത്തുക. തുടർന്ന് തെലങ്കാനയിലേക്ക് പ്രവേശിക്കും. അതേസമയം, സോണിയ ഗാന്ധി പങ്കെടുത്തതുകൊണ്ടൊന്നും ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് പ്രതിഫലനം ഉണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു. ഈ മാസാവസാനം ബി.ജെ.പി ജനകീയ ഒ.ബി.സി റാലി നടത്തുമെന്നും ബൊമ്മൈ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.