മുംബൈ: മഹാരാഷ്ട്രയിൽ പ്രമോദ് മഹാജൻ, ഗോപിനാഥ് മുണ്ടെ എന്നിവരുടെ മക്കളടക്കം 12ലേറെ ബി.ജെ.പി സിറ്റിങ് എം.പിമാർക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകില്ലെന്ന് സൂചന. മഹാജന്റെ മകൾ പൂനം മഹാജനും മുണ്ടെയുടെ മകൾ പ്രീതം മുണ്ടെക്കും ഇത്തവണ അവസരം നൽകില്ലെന്നാണ് വിവരം.
പാർട്ടിവിട്ട് എൻ.സി.പിയിൽ ചേർന്ന ഏക്നാഥ് ഖഡ്സെയുടെ മരുമകൾ രക്ഷ ഖഡ്സെ, മുതിർന്ന നേതാവും നോർത്ത് മുംബൈ സിറ്റിങ് എം.പിയുമായ ഗോപാൽ ഷെട്ടി എന്നിവരെയും ഒഴിവാക്കിയേക്കും.
ആഭ്യന്തര സർവേകളുടെ അടിസ്ഥാനത്തിലാണ് സീറ്റുവിഭജന, സ്ഥാനാർഥി നിർണയ ചർച്ചകൾ. സംസ്ഥാനത്തെ 48 സീറ്റിൽ 45 ഉം നേടുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. സർവേയിൽ ജനങ്ങൾ അതൃപ്തി പ്രകടിപ്പിച്ച എം.പിമാരെയും മൂന്നിലേറെ തവണ മത്സരിക്കുന്നവരെയും ഒഴിവാക്കും.
അതേസമയം, സീറ്റുവിഭജനത്തിൽ ബി.ജെ.പി വിട്ടുവീഴ്ചക്ക് തയാറാകാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറും ഡൽഹിക്ക് പോയി. ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ കണ്ട് കൂടുതൽ സീറ്റിന് സമ്മർദം ചെലുത്തുകയാണ് ലക്ഷ്യം. ഷിൻഡെ പക്ഷത്തിന് എട്ടും അജിത് പക്ഷത്തിന് മൂന്നും സീറ്റുകൾ എന്ന നിലപാടാണ് ബി.ജെ.പിക്ക്.
മറുപക്ഷത്ത് വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ) അധ്യക്ഷൻ പ്രകാശ് അംബേദ്കർ മഹാ വികാസ് അഘാഡിക്ക് (എം.വി.എ) കൂടുതൽ തലവേദനയാകുകയാണ്. കഴിഞ്ഞ യോഗത്തിൽ അഞ്ച് സീറ്റ് പ്രകാശ് ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച ഇതുമായി ബന്ധപ്പെട്ട് ശരദ് പവാർ, ഉദ്ധവ് താക്കറെ, കോൺഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ നാന പടോലെ എന്നിവർക്കൊപ്പം ചർച്ച നടക്കാനിരിക്കെ സീറ്റുകളുടെ എണ്ണം കൂട്ടിയിരിക്കുകയാണ് പ്രകാശ്. എം.വി.എക്കെതിരെ പരസ്യ വിമർശനങ്ങളും നടത്തുന്നു.
2019 ലേതുപോലെ എം.വി.എയെ പ്രതിസന്ധിയിലാക്കി പ്രകാശ് ഒഴിഞ്ഞുമാറുമെന്നാണ് സൂചന. സ്വന്തമായി ജയിക്കാനാകില്ലെങ്കിലും വോട്ടുകൾ ഭിന്നിപ്പിച്ച് എം.വി.എയെ തോൽപിക്കാൻ പ്രകാശിനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.