ന്യൂഡൽഹി: കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കാൻ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷം ചൊവ്വാഴ്ചത്തെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. ബന്ദിെൻറ ഭാഗമായി ഡൽഹിയിലേക്കുള്ള എല്ലാ വഴികളും സ്തംഭിപ്പിക്കാൻ സമരക്കാർ നീക്കം തുടങ്ങി. ഇതോടെ ഡൽഹി പൊലീസ് കൂടുതൽ അതിർത്തികൾ അടച്ചു.
ഞായറാഴ്ച സിംഘു അതിർത്തിയിൽ യോഗം ചേർന്ന് കർഷകർ ഭാവിപരിപാടികൾക്ക് രൂപംനൽകി. പഞ്ചാബിനും ഹരിയാനക്കും പുറമെ ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതൽ കർഷകർ ഡൽഹിയിലേക്കെത്തുന്നത്. കോൺഗ്രസ്, ഡി.എം.കെ, ആർ.ജെ.ഡി, സമാജ്വാദി പാർട്ടി, ഇടതുപാർട്ടികൾ, ജമ്മു-കശ്മീരിലെ ഗുപ്കർ സഖ്യം എന്നിവർ ബന്ദിനെ പിന്തുണച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.
മൂന്ന് കരിനിയമങ്ങളും വൈദ്യുതി ബില്ലും പിൻവലിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ, എൻ.സി.പി നേതാവ് ശരദ് പവാർ, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, എസ്.പി നേതാവ് മുലായം സിങ് യാദവ് തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പുവെച്ചു.
വോട്ടിങ്ങും ചർച്ചയും തടഞ്ഞ് ജനാധിപത്യവിരുദ്ധമായ രീതിയിലാണ് മൂന്നു നിയമങ്ങളും പാർലമെൻറിൽ പാസാക്കിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കർഷകരുടെ നിയമപരമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ജനാധിപത്യ നടപടിക്രമങ്ങൾ പാലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ആം ആദ്മി പാർട്ടി, ശിവസേന, ടി.ആർ.എസ്, ശിരോമണി അകാലിദൾ എന്നീ കക്ഷികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. പഞ്ചാബ് ഹരിയാന ബാർ കൗൺസിൽ, ട്രാൻസ്പോർട്ട് യൂനിയനുകൾ എന്നിവയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കരിനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ തെൻറ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് തിരിച്ചേൽപിക്കുമെന്ന് സമരസ്ഥലത്തെത്തിയ ബോക്സിങ് താരം വിജേന്ദർ സിങ് പറഞ്ഞു.
ഡൽഹിയിൽ ഗതാഗതം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയ ട്രാഫിക് പൊലീസ് ഡൽഹിയിൽ പ്രവേശിക്കാനും തിരിച്ചുപോകാനും ബദൽവഴികൾ ആശ്രയിക്കാൻ ഉത്തർപ്രദേശിൽനിന്നും ഹരിയാനയിൽനിന്നുമുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.