ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താംതരം പരീക്ഷ പുനരാരംഭിക്കാൻ ആലോചന. ബോർഡിന്‍റെ മേൽനോട്ടത്തിൽ നടക്കുന്ന പത്താംതരം പരീക്ഷ ഒഴിവാക്കിയത് സി.ബി.എസ്.ഇ സിലബസിൽ പഠിക്കുന്ന കുട്ടികളുടെ പഠന നിലവാരത്തെ മോശമായി ബാധിച്ചതു കൊണ്ടാണ് പരീക്ഷ പുനരാരംഭിക്കാൻ ആലോചിക്കുന്നത്. വിദ്യാർഥികളിൽ സമ്മർദം സൃഷ്ടിക്കുന്നവെന്ന കാരണത്താലാണ് ബോർഡ് ആറ് വർഷം മുമ്പ് പരീക്ഷകൾ നിർത്തലാക്കിയത്.
ബോർഡിന്‍റെ കേന്ദ്ര ഉപദേശക സമിതിയാണ് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കറുടെ അധ്യക്ഷതയിൽ ഒക്ടോബർ 25ന് ചേരുന്ന യോഗം അന്ത്യതീരുമാനം കൈക്കൊള്ളുമെന്നാണ് കരുതുന്നത്.
പരീക്ഷ ഒഴിവാക്കിയ തീരുമാനം വിദ്യാർഥികളുടെ അക്കാദമിക നിലവാരത്തെ ബാധിച്ചിട്ടുണ്ടെന്ന് രംഗത്തെ സംഘടനകളും പണ്ഡിതരും രക്ഷിതാക്കളും അറിയിച്ചതായും മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. മാത്രമല്ല, പത്താം ക്ളാസ് പരീക്ഷ ഇല്ലാതയതു മൂലം പന്ത്രണ്ടാം ക്ളാസിലേക്കുള്ള ബോർഡ് പരീക്ഷയിൽ വിദ്യാർഥികൾക്ക് കൂടുതൽ സമ്മർദം നേരിടേണ്ടി വരുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. യോഗത്തിൽ സമവായത്തിലെത്താൻ കഴിയാത്ത പക്ഷം 2018 അടുത്ത ലക്ഷമാക്കി കരുതിക്കൊണ്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാമെന്നാണ് പൊതുവായ ധാരണ.
2010ലാണ് സി.ബി.എസ്.ഇ പരീക്ഷകൾ നിർത്തലാക്കി സ്കൂളുകളുടെ മേൽനോട്ടത്തിൽ സി.സി.ഇ പരീക്ഷകൾ ഏർപ്പെടുത്തിയത്. ഈ തീരുമാനമാണ് ഇപ്പോൾ പുനപരിശോധിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.