മുംബൈ: ബോളിവുഡ് സിനിമസംഗീതത്തിലും ജീവിതത്തിലും വേറിട്ടുനിന്ന സ്വരവും രൂപവുമായിരുന്നു അലൊകേഷ് ലാഹിരിയെന്ന ബപ്പി ലാഹിരി. തിളങ്ങുന്ന ഉടയാടയും സ്വർണമാലകളും കൂളിങ് ഗ്ലാസുമണിഞ്ഞേ ആരാധകർ 'ബപ്പി ദാ' എന്നോമനിക്കുന്ന ലാഹിരിയെ കാണാറുള്ളൂ. വേഷംകെട്ടിനെ ചൊല്ലി സിനിമ മേഖലയിലെ പ്രമുഖരടക്കം പരിഹസിച്ചിട്ടും വിട്ടുകൊടുത്തില്ല. സ്വർണം തന്റെ ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു.
സഖ്മി എന്ന ചിത്രത്തിന് സംഗീതം നൽകിയപ്പോൾ അമ്മയാണ് ആദ്യം സ്വർണമാല നൽകിയത്. ആ മാലയെ തന്റെ ഭാഗ്യമായി കണ്ടതോടെ ഓരോ വിജയങ്ങൾക്കൊപ്പവും മാലകളുടെ എണ്ണവും കട്ടിയും കൂടിക്കൂടിവന്നു. മൈക്കൽ ജാക്സന്റെ സൺഗ്ലാസ് പോലെ എൽടൺ ജോണിന്റെ തൊപ്പിപോലെ എൽവിസ് പ്രസ്ലിയുടെ മാലപോലെ ബപ്പി ദായും തിരിച്ചറിയപ്പെടുന്ന രൂപമായിമാറി. 70കളുടെ തുടക്കം മുതൽ 90കളുടെ ആദ്യപാദം വരെ സിനിമ പ്രേമികളെ പാട്ടിൻ ലഹരികൊണ്ട് നൃത്തമാടിച്ച മറ്റൊരു സംഗീത സംവിധായകനുണ്ടാകില്ല. 70കളുടെ അവസാനത്തിൽ നടത്തിയ അമേരിക്കൻ സന്ദർശനമാണ് ബപ്പി ദായെ മാറ്റിമറിച്ചത്.
അവിടെവെച്ച് സംഗീതത്തിനും ശ്രോതാക്കൾക്കുമിടയിലെ ഡിസ്കൊ സംഗീതത്തിന്റെ മാസ്മരികത കണ്ടനുഭവിക്കുകയായിരുന്നു. 1979 ലെ 'സുരക്ഷ' എന്ന ചിത്രത്തിലെ മോസം ഹേ ഗാനേകാ ബജാനേക എന്ന പാട്ടിന്റെ ഈണത്തിലൂടെ ബപ്പി ദാ അമേരിക്കൻ അനുഭവം ബോളിവുഡിൽ പകർത്താൻ ശ്രമിച്ചു. പിന്നെ 'ഡിസ്കൊ ഡാൻസറി'ലൂടെയും മറ്റും തുരുതുരാ. വെള്ളിത്തിരയിൽ അമിതാഭ് ബച്ചന്റെയും മിഥുൻ ചക്രവർത്തിയുടെയും പർവിൻ ഭാഭിയുടെയും ചുവടുകളിലൂടെ ആ സംഗീതം പ്രേക്ഷകരിലേക്ക്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.