മോഷണ തുക ചാരിറ്റിക്ക്​, ജനപ്രീതിയേറി തെരഞ്ഞെടുപ്പ്​ കളത്തിലേക്കും; പിടിയിലായത്​ ബിഹാറിലെ റോബിൻഹുഡ്​

ന്യൂഡൽഹി: ബിഹാറിലെ റോബിൻഹുഡ്​ ഡൽഹിയിൽ അറസ്റ്റിലായി. മോഷ്​ടിച്ച പണമുപയോഗിച്ച്​ ആഡംബര കാറുകൾ വാങ്ങുകയും ചാരിറ്റി നടത്തുകയും ചെയ്യുന്നത്​ പതിവാക്കിയ​ മുഹമ്മദ്​ ഇർഫാൻ എന്ന 30 വയസ്സുകാരനാണ്​ പടിഞ്ഞാറൻ ഡൽഹിയിൽ വെച്ച്​ പിടിയിലായത്​. ഡൽഹി, പഞ്ചാബ്​, ബിഹാർ അടക്കം ഇന്ത്യയിലെ പല ഭാഗങ്ങളിലായി വിവിധ മോഷണക്കേസുകളിൽ പ്രതിയാണ്​ ഇർഫാൻ. ഇയാളിൽ നിന്ന്​ ഒരു ജാഗ്വർ XJ L, നിസാൻ ടിയാന എന്നീ കാറുകൾ പിടിച്ചെടുത്തിട്ടുണ്ട്​. പിന്നാലെ പഞ്ചാബിൽ നിന്നുള്ള ഇയാളുടെ മൂന്ന്​ കൂട്ടാളികളെയും പിടികൂടിയതായി ക്രൈം ബ്രാഞ്ച്​ ഡി.സി.പി മോണിക്ക ഭരദ്വാജ്​ അറിയിച്ചു.

വീടുകളിൽ നിന്ന്​ വിലകൂടിയ വസ്​തുക്കളും പണവും മോഷ്​ടിച്ച്​, സ്വന്തം ഗ്രാമമായ സിതാമർഹിയിൽ വലിയ രീതിയിൽ ചാരിറ്റി നടത്തലാണ് ഇർഫാ​െൻറ​ പതിവ്​. പിടികൂടിയ സമയത്ത്​ ദില്ലി, പഞ്ചാബ്, ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വീടുകളെയായിരുന്നു ഇയാളും കൂട്ടാളികളും ലക്ഷ്യമിട്ടിരുന്നത്​. ആഗസ്റ്റിൽ പഞ്ചാബിലെ ജലന്ധറിലെ ഒരു വീട്ടിൽ നടന്ന മോഷണത്തിനാണ്​ ഇയാളെ പടിഞ്ഞാറൻ ഡൽഹി പൊലീസ്​ അറസ്റ്റുചെയ്തത്​. 26 ലക്ഷം രൂപയും സ്വർണവും വജ്രാഭരണങ്ങളും മോഷ്ടിച്ചുവെന്നാണ്​ ആരോപണം.

ഗ്രാമത്തിൽ വളരെ പ്രശസ്​തനായ ഇർഫാൻ അവിടെ റോബിൻഹുഡ്​ ഉജാലെ എന്ന പേരിലാണ്​ അറിയപ്പെടുന്നത്​. അവിടെ പാവങ്ങൾക്കായി ​ആരോഗ്യ-ഭക്ഷണ ക്യാമ്പുകളും നടത്തുകയും പാവപ്പെട്ട കുടുംബങ്ങളിലുള്ള പെൺകുട്ടികളുടെ വിവാഹത്തിനായി ലക്ഷക്കണക്കിന്​ രൂപ ധനസഹായം നൽകുകയും ചെയ്തിട്ടുണ്ടെന്നും ഡൽഹി പൊലീസ്​ സാക്ഷ്യപ്പെടുത്തുന്നു​. 'സ്വന്തം ഗ്രാമത്തിൽ അവൻ വളരെ ജനപ്രിയനാണ്​. അവിടെയുള്ള യുവാക്കളുടെ പ്രോത്സാഹനത്തെ തുടർന്ന്​ ഇൗ വർഷം മാർച്ചിൽ നടക്കുന്ന ജില്ലാ പരിഷത്ത്​ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയായിരുന്നു ഇർഫാനെന്നും ഡൽഹി പൊലീസ്​ പറഞ്ഞു.

സംസ്ഥാനത്ത് വ്യാപകമായി ഇർഫാന്​ കൂട്ടാളികളുണ്ട്​. പിരിവ്​ ശേഖരിക്കുന്നതി​െൻറ മറവിൽ അവർ വീടുകളിലേക്ക്​ പോകും. വീട്ടിൽ ആളുണ്ടോ എന്ന്​ ഉറപ്പിക്കാനായി ആവർത്തിച്ച് വാതിലിൽ മുട്ടുകയും ചെയ്യും. ആരുമില്ല എന്ന്​ ഉറപ്പായാൽ ഇർഫാനും കൂട്ടരും വീട്​ കുത്തിത്തുറന്ന്​ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയും ചെയ്യും. -ഡിസിപി പറഞ്ഞു.

Tags:    
News Summary - Burglar who loved luxury cars and gave to charity arrested in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.