ന്യൂഡൽഹി: സി.ബി.െഎ ഡയറക്ടർ നിയമനത്തിനെതിരായ കേസിൽനിന്ന് മൂന്നാമത്തെ സുപ്രീംകോടതി ജഡ്ജിയും പിന്മാറി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് എ.കെ. സിക്രി എന്നിവർക്ക് പിറകെ ജസ്റ്റിസ് എൻ.വി. രമണയാണ് വ്യാഴാഴ്ച ബെഞ്ചിൽനിന്ന് പിന്മാറിയത്.
സി.ബി.െഎ ഡയറക്ടറെ നിയമിക്കാനുള്ള സമിതിൽ അംഗമായ കാരണം കാണിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പിന്മാറിയതെങ്കിൽ മുൻ ഡയറക്ടർ അലോക് വർമയെ മാറ്റി വിവാദ തീരുമാനത്തിൽ പങ്കാളിയായെന്ന നിലയിലാണ് ജസ്റ്റിസ് എ.കെ. സിക്രി മാറിനിന്നത്. തനിക്കുപകരം സി.ബി.െഎ നിയമനത്തിനുള്ള ഉന്നതാധികാര സമിതി യോഗത്തിൽ പോകാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ആയിരുന്നു ജസ്റ്റിസ് സിക്രിയെ ചുമതലപ്പെടുത്തിയത്.
അതനുസരിച്ച് ഉന്നതാധികാര സമിതി യോഗത്തിന് പോയ ജസ്റ്റിസ് സിക്രി അലോക് വർമയെ പുറത്താക്കാനുള്ള തീരുമാനം മോദിക്കൊപ്പം ശരിവെച്ചു. എന്നാൽ, ആ തീരുമാനം തെറ്റായിരുന്നുവെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.കെ. പട്നായിക് പരസ്യമായി പറഞ്ഞതോടെ ജസ്റ്റിസ് സിക്രി പ്രതിരോധത്തിലായി.
അതിനുശേഷം തെൻറ ബെഞ്ചിലേക്ക് കേസ് വന്നപ്പോൾ ഉന്നതാധികാര സമിതി അംഗമായ കാരണത്താൽ താൻ പിന്മാറുകയാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു. എന്നാൽ, തന്നെ സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ മുൻ ഡയറക്ടർ അലോക് വർമ നൽകിയ ഹരജി കേട്ട് വിധി പറഞ്ഞപ്പോൾ ഉന്നതാധികാര സമിതി അംഗത്വം ചീഫ് ജസ്റ്റിസ് തടസ്സമായി പറഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.