മുംബൈ: കർഷകരുടെ കടം എഴുതിത്തള്ളുന്ന സംസ്ഥാനങ്ങൾതന്നെ പണവും കണ്ടെത്തണമെന്ന് കേന്ദ്രം നിലപാട് വ്യക്തമാക്കിയതോടെ കടം എഴുതിത്തള്ളാമെന്ന് കർഷകർക്ക് വാക്കുനൽകിയ മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാർ കുരുക്കിൽ. ബാങ്കുകളും കടം എഴുതിത്തള്ളുന്നതിൽ സർക്കാറിനെ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
ജൂൺ ഒന്നിന് തുടങ്ങിയ കർഷകസമരം സർക്കാറിനെ പ്രതിസന്ധിയിലാക്കിയിരിക്കെ കഴിഞ്ഞദിവസമാണ് ദേവേന്ദ്ര ഫഡ്നാവിസ് കടം എഴുതിത്തള്ളൽ പ്രഖ്യാപിച്ചത്. ആദ്യം അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള 35 ലക്ഷം കർഷകരുടെ കടമാണ് എഴുതിത്തള്ളിയത്. ശേഷിച്ചവരുടേത് ഉപാധികളോടെ പരിഗണിക്കുമെന്നാണ് സർക്കാർ നൽകിയ ഉറപ്പ്. ഉപാധികളെന്തെന്ന് തീരുമാനിക്കാൻ നബാർഡ് അധ്യക്ഷെൻറ നേതൃത്വത്തിൽ കോർ കമ്മിറ്റിയുണ്ടാക്കും.
എന്നാൽ, സംസ്ഥാനത്തെ 1.36 കോടി കർഷകരുടെ കടം എഴുതിത്തള്ളുമ്പോൾ പണം സർക്കാർ എവിടെനിന്ന് കണ്ടെത്തുമെന്ന ചോദ്യമാണ് വെല്ലുവിളിയാകുന്നത്. 1.14 ലക്ഷം കോടി രൂപയുടെ അധികബാധ്യതയാണ് സർക്കാർ ഖജനാവിനുണ്ടാക്കുക. 2017-18 കാലയളവിലെ സർക്കാർ ബജറ്റ് 2.57 ലക്ഷം കോടി രൂപയാണ്. ഇതിൽ 1.77 ലക്ഷം കോടി രൂപ സുപ്രധാനകാര്യങ്ങൾക്കായി വകയിരുത്തി. ശേഷിച്ചത് .80 ലക്ഷം കോടി രൂപയാണ്.
കാർഷികകടം മുഴുവനായി എഴുതിത്തള്ളിയാലുണ്ടാകുന്ന ബാധ്യത എങ്ങനെ പരിഹരിക്കുമെന്ന ആലോചന തകൃതിയായി നടക്കുന്നു. ഇതുസംബന്ധിച്ച് ബി.ജെ.പിയിലെ മുതിർന്ന നേതാക്കളും മന്ത്രിമാരും ഫഡ്നാവിസിെൻറ വസതിയിൽ ചർച്ച നടത്തിവരുന്നു. മുഴുവൻ കർഷകരുടെയും കടം എഴുതിത്തള്ളുക എന്നതാണ് കർഷകസംഘടനകളുടെ ആവശ്യം. ജൂലൈ 25 നകം ഉപാധികൾ തീരുമാനിച്ച് നടപ്പാക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.
അസ്വീകാര്യമായ ഉപാധികളുമായി വന്നാൽ ജൂലൈ 26 മുതൽ വീണ്ടും തെരുവിലിറങ്ങുമെന്ന മുന്നറിയിപ്പും അവർ നൽകി. കർഷകവിഷയത്തിൽ ബി.ജെ.പി ഒറ്റപ്പെട്ട അവസ്ഥയാണ്. ഭരണപക്ഷ പാർട്ടികളായ ശിവസേന, സ്വാഭിമാൻ ശേത്കാരി സംഘടന എന്നിവരും പ്രതിപക്ഷപാർട്ടികളും കർഷകർെക്കാപ്പമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.