മ്യാന്മറിലെ തൊഴിൽ തട്ടിപ്പിൽ കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം

ന്യൂഡല്‍ഹി: മ്യാന്മറിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാർ തൊഴില്‍ തട്ടിപ്പിന് ഇരയായതായി റിപ്പോർട്ട് വന്നതിനുപിന്നാലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

ഐ.ടി മേഖലയിൽ തൊഴിൽ ചെയ്യുന്ന 500ഓളം ഇന്ത്യക്കാര്‍ മ്യാന്മറില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകളുള്ളത്. ആകര്‍ഷകമായ തൊഴില്‍ വാഗ്ദാനങ്ങള്‍ നല്‍കി തായ്‌ലന്‍ഡില്‍ എത്തിച്ചശേഷം മ്യാന്മറിലേക്ക് കടത്തുന്നു. സമൂഹ മാധ്യമങ്ങള്‍ വഴിയും ഇന്ത്യയിലും ദുബൈയിലുമുള്ള ഏജന്‍സികള്‍ വഴിയുമാണ് പ്രചാരണം.

വ്യാജ വാഗ്ദാനങ്ങളുടെ കെണിയില്‍ വീഴരുതെന്നും കമ്പനിയുടെയും റിക്രൂട്ടിങ് ഏജന്‍സിയുടെയും വിശ്വാസ്യത ഇന്ത്യയുടെ സ്ഥാനപതി കാര്യാലയം വഴി ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.

മലയാളികളെ അടക്കം തട്ടിക്കൊണ്ടുപോകുന്നതില്‍ ഉള്‍പ്പെട്ട നാല് കമ്പനികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊഴിൽതട്ടിപ്പിന് ഇരകളാകുന്നവരുടെ വിവരശേഖരണം ദുഷ്‌കരമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരെ നടപടിവേണമെന്ന് മ്യാന്മറിലെ ഇന്ത്യന്‍ സ്ഥാനപതി കത്തയച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

മ്യാന്മര്‍ -തായ്‌ലന്‍ഡ് അതിര്‍ത്തിയിലെ മ്യാവഡിയിലാണ് ഇത്തരത്തിലുള്ള ഭൂരിഭാഗം ഐ.ടി കമ്പനികളും പ്രവര്‍ത്തിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും തിരിച്ചെത്തിക്കാനാണ് ശ്രമമെന്ന് വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

ബാങ്കോക്കിലേക്ക് വിസ ഓണ്‍ അറൈവലില്‍ എത്തുന്നവരാണ് മ്യാന്മറിലേക്ക് പോകുന്നത്. അതിനാല്‍ ഇവരുടെ വിവരശേഖരണം വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ ബന്ധുക്കള്‍ പരാതി നല്‍കുകയോ സ്ഥാനപതികാര്യാലയത്തെ സമീപിക്കുകയോ ചെയ്യേണ്ടത് അനിവാര്യമാണ്.

തായ്‌ലന്‍ഡിലെയും മ്യാന്മറിലെയും സ്ഥാനപതി കാര്യാലയങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നേരത്തെ മുതല്‍ നല്‍കിവരുന്നുണ്ട്. പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Center's alert on labor fraud in Myanmar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.