റിപ്പോര്‍ട്ടിന്മേല്‍ അന്തിമവിജ്ഞാപനം വൈകിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാറിന്‍െറ അനാസ്ഥയാണെന്ന് മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ. ആന്‍റണി കുറ്റപ്പെടുത്തി. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒത്തുകളിക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്തിമവിജ്ഞാപനത്തിനായി ഏല തൈകളുമേന്തി ഇടുക്കി ഡി.സി.സി, പാര്‍ലമെന്‍റിലേക്ക് നടത്തിയ കര്‍ഷക മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്‍റണി.
കേരളം തയാറാക്കി കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ട് കണക്കിലെടുത്ത് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയുമെല്ലാം ഒഴിവാക്കി അന്തിമവിജ്ഞാപനം എത്രയും വേഗം പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. കര്‍ഷകര്‍ക്ക് തങ്ങളുടെ കൈവശമുള്ള ഭൂമി ഇഷ്ടംപോലെ ഉപയോഗിക്കാനുള്ള അവകാശമുണ്ടാകണമെങ്കില്‍ അന്തിമ വിജ്ഞാപനം ഇറങ്ങണം. ഇനിയുമത് നീട്ടിക്കൊണ്ടുപോകാന്‍ സാധ്യമല്ളെന്നും അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുമെന്നും ആന്‍റണി വ്യക്തമാക്കി.
കേരളത്തിലെ 123 മലയോര ഗ്രാമങ്ങളില്‍ ജീവിക്കുന്ന പതിനായിരക്കണക്കിന് കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. ഉമ്മന്‍ വി. ഉമ്മനെ അധ്യക്ഷനാക്കി നിയോഗിച്ച സമിതി കേരളമൊട്ടാകെ മലയോരങ്ങള്‍ മുഴുവന്‍ സഞ്ചരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കി കേന്ദ്രപരിസ്ഥിതി വനം മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. അന്നത്തെ കേന്ദ്രമന്ത്രിമാരെല്ലാം അനുകൂലമായി സംസാരിച്ചു. മന്ത്രി പറഞ്ഞിട്ടും ഉദ്യോഗസ്ഥന്മാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മടിക്കുന്ന സാഹചര്യമുണ്ടായി. ഒടുവില്‍ മലയോര കര്‍ഷകരുടെ രക്ഷക്ക് സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടതുകൊണ്ട് മാത്രമാണ് അന്ന് കരട് വിജ്ഞാപനം പുറപ്പെടുവിക്കുന്ന സാഹചര്യം ഉണ്ടായതെന്നും ആന്‍റണി പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍ നേതൃത്വം നല്‍കി. എം.പിമാരായ പ്രഫ. കെ.വി. തോമസ്, കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍, ആന്‍േറാ ആന്‍റണി, എം.കെ. രാഘവന്‍, കെ.പി.സി.സി വക്താവ് ജോസഫ് വാഴക്കന്‍, പത്തനംതിട്ട ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്, കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ. മാത്യുകുഴല്‍ നാടന്‍, പി.എ. ജോസഫ്, മുന്‍ ഡി.സി.സി പ്രസിഡന്‍റ് ജോയി തോമസ് എന്നിവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.