കൊൽക്കത്ത: സർക്കാർ -ഗവർണർ പോര് തുടരുന്ന പശ്ചിമ ബംഗാളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഗവർണറുടെ ഓഫിസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നുകാട്ടി കൊൽക്കത്ത പൊലീസ് കമീഷണർ വിനീത് ഗോയൽ, കൊൽക്കത്ത പൊലീസ് ഡെപ്യൂട്ടി കമീഷണർ (ഡി.സി.പി) സെൻട്രൽ ഇന്ദിര മുഖർജി എന്നിവർക്കെതിരെയാണ് കേന്ദ്ര ആഭ്യന്ത മന്ത്രാലയം അച്ചടക്ക നടപടിക്ക് തുടക്കമിട്ടത്. ഇതുസംബന്ധിച്ച് പശ്ചിമ ബംഗാൾ സർക്കാറിന് കത്തുനൽകിയതായി മന്ത്രാലയം അറിയിച്ചു. ഗവർണർ സി.വി ആനന്ദ ബോസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജൂൺ അവസാനമാണ് ഗവർണർ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയത്. ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഗോയലും ഇന്ദിര മുഖർജിയും സർക്കാർ ജീവനക്കാർക്ക് ചേരാത്ത രീതിയിലാണ് പെരുമാറുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമസംഭവങ്ങളിലെ ഇരകളെ തന്നെ കാണാൻ അനുവദിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഐ.പി.എസ് ഉദ്യോഗസ്ഥർ ഗവർണറുടെ ഓഫിസിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന രീതിയിലാണ് പ്രവർത്തിച്ചത്. ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ച ചട്ടങ്ങൾ അവഗണിക്കുന്ന തരത്തിലാണ് ഇവർ പെരുമാറുന്നത്. ഏപ്രിൽ- മേയ് മാസത്തിൽ രാജ്ഭവനിലെ വനിത ജീവനക്കാരി ഉന്നയിച്ച കെട്ടിച്ചമച്ച ആരോപണങ്ങളെ അനുകൂലിക്കുന്നതരത്തിലുള്ള നിലപാടാണ് രാജ്ഭവനിൽ നിയമിച്ച പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
ഗവർണറുടെ എതിർപ്പ് അവഗണിച്ച് രാജ്ഭവനിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകി. പോകുമ്പോഴും വരുമ്പോഴും ഇവ പരിശോധിക്കുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ തന്നെ കാണാനെത്തിയ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമത്തിനിരയായവരെ തടഞ്ഞുവെച്ചു. ഇരകൾക്ക് ഗവർണറെ കാണാൻ കോടതിയെ സമീപിക്കേണ്ടി വന്നത് ഖേദകരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ജൂണിൽ ഗവർണറുടെ അനുമതിയില്ലാതെ ഏകപക്ഷീയമായി രാജ്ഭവനിൽ സുരക്ഷക്കെന്ന പേരിൽ പൊലീസ് സംഘത്തെ നിയോഗിച്ചു. ഗവർണറുടെ ഓഫിസിനെ മുഴുവൻ തടവിലാക്കുന്ന തരത്തിലുള്ള നീക്കമായിരുന്നു ഇത്. പൊലീസ് സംഘത്തെ നീക്കാൻ ജൂൺ 13ന് ഉത്തരവ് നൽകിയെങ്കിലും അവഗണിച്ചതായും ആനന്ദ ബോസ് പറഞ്ഞു.
തനിക്കെതിരായ ലൈംഗികാതിക്രമ ആരോപണം മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണ്. അസാധാരണ വേഗത്തിൽ പൊലീസ് കമീഷണർ ഇന്ദിര മുഖർജി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. വാർത്തസമ്മേളനങ്ങൾ വിളിച്ചുചേർത്ത് ഗവർണർ ക്രിമിനൽ നടപടികൾ നേരിടേണ്ടിവരുമെന്ന പ്രതീതിയുണ്ടാക്കാൻ ശ്രമിച്ചു. 2023 ജനുവരിമുതൽ മറ്റൊരു പരാതി പ്രോത്സാഹിപ്പിക്കുന്നതിൽ ഗോയലും മുഖർജിയും നിർണായക പങ്കുവഹിച്ചു.
കൊൽക്കത്ത പൊലീസ് പ്രാദേശിക പൊലീസ് സ്റ്റേഷനിൽ സീറോ എഫ്.ഐ.ആർ (കുറ്റകൃത്യത്തെക്കുറിച്ച് ഏത് സ്റ്റേഷനിലും വിവരം നൽകാൻ കഴിയുന്ന രീതി) രജിസ്റ്റർ ചെയ്ത് കേസ് ന്യൂഡൽഹിയിലേക്ക് മാറ്റി.
2024 ജൂൺ 17ന് പരാതിക്കാരി കേസ് പിൻവലിക്കാൻ തയാറാണെന്ന് പറഞ്ഞിട്ടും കൊൽക്കത്ത പൊലീസ് അനുവദിച്ചില്ല. ഗോയലിനും മുഖർജിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജിക്ക് കത്തെഴുതിയെങ്കിലും മറുപടിയുണ്ടായില്ലെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.