ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലത്തെ വായ്പ പലിശ തിരിച്ചടവിെൻറ കാര്യത്തില്‍ മോദി സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി. ''നിങ്ങളുടെ ലോക്ഡൗണ്‍ സൃഷ്ടിച്ച പ്രശ്നമാണിതെന്ന്'' മോദി സര്‍ക്കാറിനെ ഓര്‍മിപ്പിച്ച ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന് പിന്നില്‍ സർക്കാറിന് മറഞ്ഞുനില്ക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. ലോക്ഡൗണ്‍ കാലത്ത് തിരിച്ചടവ് നീട്ടിനൽകിയ വായ്പകളുടെ പലിശ ആഗസ്റ്റ് 31 കഴിഞ്ഞാല്‍ തിരിച്ചുപിടിക്കുമോ എന്ന് സെപ്റ്റംബര്‍ ഒന്നിനകം വ്യക്തമാക്കണമെന്ന്് കേന്ദ്ര സര്‍ക്കാറിനോട് ബെഞ്ച് നിര്‍ദേശിച്ചു. ലോക്ഡൗണ്‍ സമയത്ത് ജീവിതായോധന മാര്‍ഗങ്ങളെല്ലാം ഇല്ലാതായെന്നും വരുമാനം നിലച്ചെന്നും ഇൗ ഘട്ടത്തിൽ പലിശ ഈടാക്കുന്നത് മൊറട്ടോറിയമെന്ന ലക്ഷ്യം പരാജയപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി ആഗ്ര സ്വദേശി ഗജേന്ദ്ര ശര്‍മയാണ് കോടതിയെ സമീപിച്ചത്. മൊറട്ടോറിയം നൽകിയ വായ്പയുടെ പലിശ ഇൗടാക്കരുതെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
പലിശ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രം നിലപാട് അറിയിക്കാത്തതിനാല്‍ വിഷയം തീർപ്പാകാതെ കിടക്കുകയായിരുന്നു. ജനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന വിഷയത്തിൽ സത്യവാങ്മൂലം നല്കാൻ വൈകിയതാണ് കോടതിയെ ക്ഷുഭിതരാക്കിയത്.
ബാങ്കുകളുടെ കച്ചവടത്തില്‍ മാത്രം താല്പര്യം കാണിക്കുകയും ജനങ്ങളുടെ കാര്യത്തില്‍ ആ താൽപര്യം കാണിക്കാതിരിക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി മോദി സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു. ബാങ്കിങ് വ്യവസായത്തെ കുറിച്ച് ചിന്തിക്കേണ്ട സമയമല്ലിത്. ജനങ്ങളുടെ അവസ്ഥയും കണക്കിലെടുക്കണം. ദുരന്ത നിവാരണ നിയമത്തിന് കീഴില്‍ വായ്പ പലിശ സംബന്ധിച്ച് എന്തുചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. ദുരന്തനിവാരണ നിയമത്തെ കുറിച്ചും വായ്പ പലിശ സംബന്ധിച്ചും മറുപടി പറയണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ് പറഞ്ഞു.
റിസര്‍വ് ബാങ്കിനൊപ്പം അധ്വാനിക്കുന്ന കേന്ദ്ര സര്‍ക്കാറിന് വിഷയത്തില്‍ നിലപാടില്ലെന്ന് നിരീക്ഷിക്കുന്നത് അനീതിയാണെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ പ്രതികരണം.
ഇക്കാര്യത്തില്‍ ഒരു സന്തുലനത്തിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ജസ്റ്റിസ് ഭൂഷണ് പ്രതികരിച്ചു. ''മാറ്റിവെച്ച വായ്പയുടെ പലിശ പിന്നീട് തിരിച്ചടക്കേണ്ടി വരുമോ? പലിശക്കുമേല്‍ പലിശ ചുമത്തുമോ എന്നും അറിയണം'' -കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.