ജസ്റ്റിസ് കെ. ചന്ദ്രു റിപ്പോർട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കൈമാറുന്നു

തമിഴ്നാട്ടിൽ സ്‌കൂളുകളിൽ നിന്നും ജാതിപ്പേര് നീക്കം ചെയ്യണമെന്ന് ചന്ദ്രു കമീഷൻ

ചെന്നൈ: സർക്കാർ-സ്വകാര്യ സ്‌കൂളുകളിലെ ജാതിപ്പേര് ഒഴിവാക്കാനും പ്രത്യേക നിയമനിർമ്മാണം നടത്താനുമുള്ള ശിപാർശകൾ അടങ്ങിയ ഏകാംഗ സമിതിയുടെ റിപ്പോർട്ട് റിട്ട. ജഡ്ജി കെ. ചന്ദ്രു തമിഴ്നാട് സർക്കാറിന് സമർപ്പിച്ചു. ചൊവ്വാഴ്ചയാണ് ജസ്റ്റിസ് ചന്ദ്രു സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിന് റിപ്പോർട്ട് കൈമാറിയത്. പുതിയ റിപ്പോർട്ടിലെ ശിപാർശകൾ തമിഴ്നാടിന്റെ സാമൂഹിക ചരിത്രത്തി​ൽ വൻ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. തമിഴ്നാട്ടിൽ കഴിഞ്ഞ ഓഗസ്റ്റിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒമ്പതാം ക്ലാസുകാരനെയും സഹോദരിയെയും സഹപാഠികൾ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടർന്നാണ് ജഡ്ജി കെ. ചന്ദ്രുവിന്റെ നേതൃത്വത്തിൽ ഏകാംഗ കമീഷനെ നിയമിച്ചത്.

സർക്കാർ റിപ്പോർട്ട് പഠിച്ച് ഹ്രസ്വകാല ശുപാർശകൾ നടപ്പാക്കുന്നതിനുള്ള കർമപദ്ധതി ഉടൻ പ്രഖ്യാപിക്കും. കല്ലാർ, ആദി ദ്രാവിഡർ തുടങ്ങിയ ജാതി പദങ്ങൾ സ്‌കൂളുകളുടെ പേരുകളിൽ നിന്ന് ഒഴിവാക്കണമെന്നും അവയെ സർക്കാർ സ്‌കൂളുകൾ എന്ന് വിളിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

സർക്കാർ നടത്തുന്ന എല്ലാത്തരം സ്‌കൂളുകളും സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കൊണ്ടുവരാനുള്ള സംസ്ഥാന തീരുമാനം അടിയന്തരമായി നടപ്പാക്കണം. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകരെ ഇടയ്‌ക്കിടെ സ്ഥലംമാറ്റാൻ പാനൽ ശുപാർശ ചെയ്യുന്നു. സംസ്ഥാനം പ്രവർത്തിക്കുന്ന സ്‌കൂളുകൾ, കോളജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ അധ്യാപകർക്കും ജീവനക്കാർക്കും പെരുമാറ്റച്ചട്ടം നിർദേശിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

വിദ്യാഭ്യാസത്തിന്റെ കാവിവത്ക്കരണവും ജാതി, സാമുദായിക സൗഹാർദ്ദം എന്നിവയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ ഒരു വിദഗ്ധ സമിതിയെയോ ഏജൻസിയെയോ നിയോഗിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Chandru Commission to remove caste name from schools in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.