ചെന്നൈ: ബി.എസ്.പി തമിഴ്നാട് അധ്യക്ഷൻ കെ. ആംസ്ട്രോങ് കൊല്ലപ്പെട്ട് ദിവസങ്ങൾക്കുശേഷം തമിഴ്നാട്ടിൽ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. നാം തമിഴർ കക്ഷിയുടെ (എൻ.ടി.ക.െ) മധുര നോർത്ത് ജില്ല ഡെപ്യൂട്ടി സെക്രട്ടറി ബാലസുബ്രഹ്മണ്യനെ വെട്ടിക്കൊല്ലുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.
പ്രഭാത നടത്തത്തിന് പോയപ്പോഴാണ് കൊലപാതകം. അക്രമികൾ പിന്തുടർന്ന് എത്തുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാലംഗ സംഘം റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.
അന്വേഷണം നടക്കുകയാണെന്നും ഉടൻ എഫ്.ഐ.ആർ ഫയൽ ചെയ്യുമെന്നും മധുര സിറ്റി പോലീസ് കമ്മീഷണർ ലോകനാഥൻ പറഞ്ഞു. ബാലസുബ്രഹ്മണ്യനെതിരെ മൂന്ന് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കുടുംബപ്രശ്നങ്ങളും വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്ന് സൂചന ലഭിച്ചതായാണ് പൊലീസ് പറയുന്നത്.
ചെന്നൈ പെരമ്പൂരിൽ വെച്ചാണ് ബി.എസ്.പി തമിഴ്നാട് അധ്യക്ഷനെ വെട്ടിക്കൊന്നത്. ഈ കേസിലെ പ്രതികളിലൊരാൾ കഴിഞ്ഞ ദിവസം പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.