ന്യൂഡൽഹി: റിയാലിറ്റി ടി.വി താരം ഉർഫി ജാവേദിനെക്കുറിച്ച് അഭിപ്രായം പറഞ്ഞ് പുലിവാല് പിടിച്ച് എഴുത്തുകാരൻ ചേതൻ ഭഗത്. രാജ്യത്തെ യുവാക്കൾ, പ്രത്യേകിച്ച് ആൺകുട്ടികൾ ഉർഫി ജാവേദിന്റെ ചിത്രങ്ങൾ കണ്ട് ശ്രദ്ധ തെറ്റുന്നു എന്നായിരുന്നു ഭഗതിന്റെ പരാമർശം. ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചു. തുടർന്ന് വിശദീകരണവുമായി എഴുത്തുകാരൻ തന്നെ രംഗത്തെത്തി. "കുട്ടികളോട് അവരുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇൻസ്റ്റാഗ്രാമിൽ സമയം പാഴാക്കരുതെന്നും മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ" -ചേതൻ വിശദീകരണത്തിൽ പറഞ്ഞു.
"ഞാൻ ആൺകുട്ടികളോട് ഫിറ്റ്‌നസിലും അവരുടെ കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇൻസ്റ്റാഗ്രാമിൽ സമയം കളയരുതെന്നും പറഞ്ഞു. പ്രത്യക്ഷത്തിൽ അത് ശരിയല്ല! അതിനാൽ അവർ എന്റെ പ്രസ്താവന വെട്ടിച്ചുരുക്കി. സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി പറഞ്ഞു. ഞാൻ ഒരിക്കലും പറയാത്ത കാര്യങ്ങൾ ചേർത്ത് പ്രചരിപ്പിച്ചു" -ഭഗത് പറഞ്ഞു.
ഒരു സാഹിത്യ പരിപാടിയിൽ യുവാക്കൾ ഇൻസ്റ്റാഗ്രാമിൽ കൂടുതൽ സമയം ചിലവഴിക്കുന്നുവെന്ന് പറയുന്നതിനിടയിൽ ഭഗത് ജാവേദിന്റെ പേര് പറഞ്ഞതാണ് വിവാദത്തിന് തുടക്കമിട്ടത്. "ഇൻസ്റ്റാഗ്രാം റീലുകൾ കാണാൻ മണിക്കൂറുകൾ ചെലവഴിക്കുന്ന യുവാക്കൾക്ക്, പ്രത്യേകിച്ച് ആൺകുട്ടികൾക്ക് ഫോൺ വലിയ ശല്യപ്പെടുത്തുന്ന കാര്യമാണ്. ഉർഫി ജാവേദ് ആരാണെന്ന് എല്ലാവർക്കും അറിയാം. അവരുടെ ഫോട്ടോകൾ നിങ്ങൾ എന്തുചെയ്യും? ഇത് നിങ്ങളുടെ പരീക്ഷയിൽ വരുന്നുണ്ടോ?. അവരുടെ എല്ലാ വസ്ത്രങ്ങളും നിങ്ങൾക്കറിയാമെന്ന് നിങ്ങളെ ജോലിക്കായി ഇന്റർവ്യൂ ചെയ്യുന്ന ആളോട് പറയുക. ഒരു വശത്ത്, കാർഗിലിൽ നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുന്ന ഒരു ചെറുപ്പക്കാരനുണ്ട്. മറ്റൊരു വശത്ത്, തങ്ങളുടെ പുതപ്പിനുള്ളിൽ ഒളിഞ്ഞിരുന്ന് ഉർഫി ജാവേദിന്റെ ഫോട്ടോകൾ കാണുന്ന മറ്റൊരു യുവാവുണ്ട്" -എഴുത്തുകാരൻ പറഞ്ഞു.
തന്നെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചെന്ന് പറഞ്ഞ് ഉർഫി ജാവേദും രംഗത്തെത്തി. "അദ്ദേഹത്തെപ്പോലുള്ള പുരുഷന്മാർ എപ്പോഴും അവരുടെ പോരായ്മകൾ അംഗീകരിക്കുന്നതിനേക്കാൾ സ്ത്രീകളെ കുറ്റപ്പെടുത്തും" -ജാവേദ് ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറഞ്ഞു. "നിങ്ങൾ ബലാത്സംഗ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നത് നിർത്തുക. പുരുഷന്മാരുടെ പെരുമാറ്റത്തിന് സ്ത്രീകളുടെ വസ്ത്രങ്ങളെ കുറ്റപ്പെടുത്തുന്നത് 80കളിലെ കാഴ്ചപ്പാടാണ് മിസ്റ്റർ ചേതൻ ഭഗത്" -അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.