കിഷോരി ലാൽ ശർമ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം നാമനിർദേശ പത്രിക സമർപ്പിക്കാനെത്തുന്നു

ആയിരങ്ങളുടെ അകമ്പടി; കിഷോരി ലാൽ ശർമ അമേത്തിയിൽ പത്രിക നൽകി

അമേത്തി (ഉത്തർ പ്രദേശ്): രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായ അമേത്തി ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് കിഷോരിലാൽ ശർമ നാമനിർദേശ പത്രിക സമർപ്പിച്ചു. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി മത്സരിച്ച അമേത്തിയിൽ ഇക്കുറി ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമയുടെ സ്ഥാനാർഥിത്വം പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായ വെള്ളിയാഴ്ചയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്.

ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ അകമ്പടി​യിൽ വൻ റാലിയായെത്തിയാണ് കിഷോരി ലാൽ ശർമ പത്രിക നൽകിയത്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് അമേത്തിയിൽ ശർമയുടെ എതിരാളി. അരലക്ഷത്തിലേറെ പേരാണ് റാലിയിൽ സംബന്ധിക്കാനെത്തിയതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അവകാശപ്പെട്ടു.

കോൺഗ്രസിനെ വിജയിപ്പിക്കാൻ അമേത്തിയിലെ ജനങ്ങൾ ഇതിനകം തീരുമാനിച്ചതായി കിഷോരി ലാൽ ശർമ പറഞ്ഞു. ‘തെരഞ്ഞെടുപ്പ് വെറുമൊരു നടപടി ക്രമം മാത്രമാണ്. കഴിഞ്ഞ അഞ്ചുവർഷം അമേത്തിയിൽ വികസനപ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല. സ്മൃതി ഇറാനിക്കെതിരെ കടുത്ത ജനവികാരം മണ്ഡലത്തിലുടനീളമുണ്ട്. ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകനും അമേത്തിയിൽ അവരെ തോൽപിക്കും. ഇവിടെയുള്ള ജനങ്ങൾ ഞങ്ങളുടെ മനസ്സിൽ എപ്പോഴുമുള്ളവരാണ്. കോൺഗ്രസിനെ അങ്ങേയറ്റം സ്നേഹിക്കുന്നവരാണവർ’ -നാമനിർദേശപത്രിക സമർപ്പിച്ചശേഷം ശർമ പറഞ്ഞു.

1967ൽ മണ്ഡലം രൂപവത്കൃതമായതു മുതൽ അമേത്തി കോ​ൺഗ്രസിന്റെ കോട്ടയാണ്. 2004ലാണ് രാഹുൽ ഗാന്ധി ഇവിടെ നിന്ന് ആദ്യമായി ലോക്സഭയിലേക്ക് മത്സരിച്ചത്. 2009ലും 2014ലും രാഹുൽ അമേത്തിയിൽ നിന്ന് മത്സരിച്ച് വിജയിച്ചു. രാഹുലിന് മുമ്പ് അമ്മ സോണിയയായിരുന്നു അമേത്തിയിൽ കോൺഗ്രസിന്റെ പ്രതിനിധി. രാഹുൽ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ സഹോദരൻ സഞ്ജയ് ഗാന്ധിയും അമേത്തിയിൽ ജനവിധി തേടിയിട്ടുണ്ട്.

ഗാന്ധി കുടുംബത്തിൽനിന്ന് പുറത്തുള്ളയാൾ ഏറ്റവും അവസാനം അമേത്തിയിൽ മത്സരിച്ചത് 1998ലാണ്. രാജീവ് ഗാന്ധിയുടേയും സോണിയ ഗാന്ധിയുടേയും വിശ്വസ്തനായിരുന്ന സതീഷ് ശർമക്കാണ് അന്ന് കോൺഗ്രസ് സീറ്റ് നൽകിയത്. എന്നാൽ, ബി.ജെ.പിയിലെ സഞ്ജയ് സിൻഹിനോട് സതീഷ് ശർമ പരാജയപ്പെടുകയായിരുന്നു. അതിനുതൊട്ടടുത്ത തെരഞ്ഞെടുപ്പിൽ അമേത്തിയിൽ മത്സരിക്കാനിറങ്ങിയ സോണിയ ഗാന്ധി മൂന്നുലക്ഷത്തിലേറെ വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ മണ്ഡലം തിരിച്ചുപിടിച്ചു.

കോൺഗ്രസിലെ വിദ്യ ധർ ബാജ്പേയ് ആണ് അമേത്തിയിലെ ആദ്യ എം.പി. 1977ൽ ജനതാ പാർട്ടിയുടെ രവീന്ദ്ര പ്രതാപ് സിങ് അ​മേത്തിയിൽ നിന്ന് മത്സരിച്ച് എം.പിയായി. എന്നാൽ, മൂന്ന് വർഷത്തിന് ശേഷം സഞ്ജയ് ഗാന്ധി അദ്ദേഹത്തെ പരാജയപ്പെടുത്തി. വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ട ശേഷം അമേത്തിയുടെ ചുമതല രാജീവ് ഗാന്ധി ഏറ്റെടുത്തു. 1991 വരെ അദ്ദേഹം അമേത്തിയെ പ്രതിനിധീകരിച്ചു.

കോൺഗ്രസിന്റെ സതീഷ് ശർമ 1991ലും 1996ലും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയി​ലെത്തി. 1998ൽ ബി.ജെ.പിയുടെ സഞ്ജയ് സിൻഹ് കുറഞ്ഞ കാലത്തേക്കാണെങ്കിലും അമേത്തിയിൽനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. 2014ൽ രണ്ടുലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് രാഹുൽ ഗാന്ധി സ്മൃതി ഇറാനി​യെ തോൽപിച്ചു. 2019ൽ രാഹുലിനെ 55,000 വോട്ടുകൾക്ക് തോൽപിച്ച സ്മൃതി ഇറാനിക്കൊപ്പമായിരുന്നു വിജയം. മേയ് 20നാണ് അമേത്തിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്.

Tags:    
News Summary - Congress leader Kishori Lal Sharma files nomination from Amethi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.