എസ്.ബി.ഐക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

ന്യൂഡൽഹി: സുപ്രീംകോടതി ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ വിവരങ്ങള്‍ നല്‍കുന്നതിന് ജൂണ്‍ 30ാം തീയതി വരെ എസ്.ബി.ഐ സാവകാശം ചോദിച്ചത് ബി.ജെ.പിയെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി ​വേണുഗോപാൽ കുറ്റപ്പെടുത്തി. സുപ്രീം കോടതിയുടെ ഉദ്ദേശത്തിനെതിരെയാണ് എസ്.ബി.ഐ പ്രവര്‍ത്തിക്കുന്നതെന്നും ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധം കോണ്‍ഗ്രസ് നടത്തുമെന്നും വേണു​ഗോപാൽ പറഞ്ഞു.

നീതിപീഠം വിഷയത്തിൽ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വേണുഗോപാൽ തുടർന്നു. ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ സംഭാവന ചെയ്തവരുടെ വിവരങ്ങള്‍ 24 മണിക്കൂര്‍ കൊണ്ട് ലഭിക്കുമെന്നിരിക്കെ എസ്.ബി.ഐ 4 മാസം സമയം ചോദിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രം വിവരങ്ങള്‍ പുറത്ത് വന്നാല്‍ മതി എന്ന കണക്കുകൂട്ടലിലാണ്. ഇത് കോര്‍പറേറ്റുകള്‍ക്കായി ബി.ജെ.പി നടത്തിയ അധികാര ദുര്‍വിനിയോഗവും സാമ്പത്തിക ഇടപാടുകളും പുറത്തുവരാതിരിക്കാനാണ്. അഴിമതിയുടെ ഏറ്റവും വലിയ ഭൂകമ്പമാണ് പുറത്തുവരാനിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ സ്വാധീനത്താലാണ് എസ്.ബി.ഐ ഇത്തരം ഒരു നിലപാട് സ്വീകരിച്ചത്. ഇലക്ടറല്‍ ബോണ്ടില്‍ ഏറ്റവും ഗുണം കിട്ടിയത് ബി.ജെ.പിക്കാണ്. 30 കമ്പനികൾക്കെതിരെ പരിശോധന നടത്തി 300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയെങ്കിലും അവരില്‍ നിന്നെല്ലാം പണം വാങ്ങി കേസ് അവസാനിപ്പിച്ചത് ഇത്തരം സാമ്പത്തിക ഇടപാടിനെത്തുടര്‍ന്നാണെന്നും വേണുഗോപാൽ പറഞ്ഞു.

Tags:    
News Summary - Congress protests against SBI's deadline extension plea to SC on electoral bonds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.