Congress stunning new headquarters building

കോൺഗ്രസിന്‍റെ ഡൽഹിയിലെ പുതിയ ആസ്ഥാന മ​ന്ദിരം

കോൺഗ്രസിന്‍റെ അതിശയിപ്പിക്കുന്ന പുതിയ ആസ്ഥാന മ​ന്ദിരം ‘ഇന്ദിര ഭവൻ’ കാണാം -വിഡിയോ

ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 140 വർഷം പഴക്കമുള്ള കോൺഗ്രസിന്‍റെ പാരമ്പര്യം വിളിച്ചോതി പുതിയ ആസ്ഥാന മ​ന്ദിരം ഉൽഘാടനം ചെയ്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധിയാണ് ആസ്ഥാന മന്ദിര ഉദ്ഘാടനം ചെയ്തത്. ഡൽഹി കോട്‌ല റോഡിലെ 9 എയിലാണ് പുതിയ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്.

ജനാധിപത്യം, ദേശീയത, മതേതരത്വം, ഏവരെയും ഉൾക്കൊള്ളുന്ന വികസനം, സാമൂഹിക നീതി എന്നിവയുടെ അടിത്തറയിലാണ് പാർട്ടി പുതിയ ആസ്ഥാനം നിർമിച്ചതെന്ന് കോൺഗ്രസ് ഔദ്യോഗിക എക്സ് ഹാൻഡിലിൽ കുറിച്ചു. കോൺഗ്രസിന്‍റെ 140 വർഷം പഴക്കമുള്ള മഹത്തായ ചരിത്രത്തെ നെഞ്ചിലേറ്റി, സത്യത്തിന്‍റെയും അഹിംസയുടെയും ത്യാഗത്തിന്‍റെയും പോരാട്ടത്തിന്‍റെയും ദേശസ്‌നേഹത്തിന്‍റെയും ഇതിഹാസമാണ് ആസ്ഥാന മന്ദിരത്തിന്‍റെ ചുവരുകൾ.

പുതിയ ഊർജവും നിശ്ചയദാർഢ്യവും ആത്മവിശ്വാസവുമായി ഇന്ത്യയുടെ ശോഭനമായ ഭാവി രൂപപ്പെടുത്താനും ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും നീതിയുടെ പതാക ഉയർത്താനും കോൺഗ്രസ് തയാറാണെന്നും എക്സിൽ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷനായി.

കോൺഗ്രസിന്റെ ആസ്ഥാന മന്ദിരം യാഥാർഥ്യമാക്കാൻ പ്രയത്നിച്ച അന്തരിച്ച കോൺഗ്രസ് നേതാക്കളായ മോതിലാൽ വോറ, അഹ്മദ് പ​ട്ടേൽ, മുരളി ദേവ്റ എന്നിവരുടെ സംഭാവനകൾ ഉദ്ഘാടന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു. ആസ്ഥാനം സജ്ജമാക്കിയതിന് എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കുടിയായ കെ.സി. വേണുഗോപാലിനും സഹോദരിയും ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കും രാഹുൽ പ്രത്യേകം നന്ദി പറഞ്ഞു.

ഇന്ത്യയുടെ ആത്മാവ് കോൺഗ്രസ് പാർട്ടിയിൽ എത്രത്തോളം ആഴത്തിലുണ്ടെന്ന് കോൺഗ്രസി​ന്റെ ആസ്ഥാന മന്ദിരം പറയുമെന്നും ആരാണ് നാമെന്നും നമ്മുടെ ചരിത്രവും പാരമ്പര്യവും എന്തെന്നും മനസി​ലാക്കേണ്ടത് ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും ബാധ്യതയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഡൽഹിയിൽ ഭൂമി അനുവദിച്ചു കിട്ടി വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് ആസ്ഥാന മ​ന്ദിരത്തിന്‍റെ പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത്. സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായിരിക്കുമ്പോൾ 2016ലാണ് പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ നിർമാണം ആരംഭിച്ചത്. അക്ബർ റോഡിലെ 24-ാം നമ്പർ മന്ദിരത്തിൽ നിന്ന് കോട്‌ല റോഡിലെ 9 എ ഇന്ദിര ഭവനിലേക്കാണ് പുതിയ ആസ്ഥാനം മാറിയത്.

രണ്ടേക്കറിൽ ആറു നിലകളിലായി 80,000 ചതുരശ്ര അടിയിലുള്ള പുതിയ മന്ദിരത്തിൽ കോൺഗ്രസ് അധ്യക്ഷൻ, പാർലമെന്‍ററി പാർട്ടി നേതാവ്, ലോക്സഭ കക്ഷി നേതാവ്, എ.ഐ.സി.സി ഭാരവാഹികൾ എന്നിവരുടെ ഓഫിസുകൾ, പോഷക സംഘടനകളുടെ ഓഫിസുകൾ, മൂന്ന് കോൺഫറൻസ് ഹാളുകൾ, ഗവേഷണ കേന്ദ്രം, ലൈബ്രറി തുടങ്ങിയവയുണ്ട്.

കോൺഗ്രസിലെ ചരിത്രപരമായ പിളർപ്പിന് പിന്നാലെ 1978ലാണ് അക്ബർ റോഡിലെ 24-ാം നമ്പർ മന്ദിരം ആസ്ഥാനമാകുന്നത്. ജന്ദർമന്തിർ റോഡിലെ ഏഴാം നമ്പർ വസതിയിൽ നിന്നാണ് അക്ബർ റോഡിലെ മന്ദിരത്തിലേക്ക് പാർട്ടി ആസ്ഥാനം മാറ്റുന്നത്.

അടിയന്തരവാസ്ഥക്ക് ശേഷം ഇന്ദിര ഗാന്ധിക്കൊപ്പം നിന്ന ഗദ്ദം വെങ്കിടസ്വാമി എം.പിക്ക് അനുവദിച്ച അക്ബർ റോഡിലെ വസതിയാണ് അദ്ദേഹം പാർട്ടിക്ക് നൽകിയത്. തുടർന്ന് നാല് പതിറ്റാണ്ടോളം ദേശീയ രാഷ്ട്രീയത്തിലെ നിർണായക സംഭവവികാസങ്ങൾക്കും കോൺഗ്രസിന്‍റെ വിജയ-പരാജയങ്ങൾക്കുമാണ് അക്ബർ റോഡിലെ ആസ്ഥാനം സാക്ഷിയായത്.

Tags:    
News Summary - Congress' stunning new headquarters building 'Indira Bhavan' can be seen - video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.