ഭുവനേശ്വർ: ഫോട്ടോസ്റ്റാറ്റ് എടുത്തയാൾക്ക് മൂന്ന് രൂപ ബാക്കി നൽകാതിരിക്കുകയും, ബാക്കി ചോദിച്ചപ്പോൾ അപമാനിക്കുകയും ചെയ്ത കടയുടമക്ക് 25,000 രൂപ പിഴ. ഒഡിഷയിലെ സംബൽപൂർ ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷനാണ് കടയുടമയുടെ മോശം പെരുമാറ്റത്തിന് പിഴയിട്ടത്. ഉപഭോക്താവിനുണ്ടായ മാനസികാഘാതം ഏറെ വലുതാണെന്ന് കമീഷൻ വിലയിരുത്തി. 30 ദിവസത്തിനകം പിഴത്തുകയും ബാക്കി നൽകാനുള്ള മൂന്ന് രൂപയും പരാതിക്കാരന് നൽകണം.
പ്രഫുൽ കുരാർ എന്ന മാധ്യമപ്രവർത്തകനാണ് പരാതിക്കാരൻ. കഴിഞ്ഞ ഏപ്രിൽ 28നായിരുന്നു സംഭവം. ഇദ്ദേഹം ഒരു കടയിലെത്തി ഫോട്ടോസ്റ്റാറ്റ് എടുത്ത് അഞ്ച് രൂപ നൽകി. രണ്ട് രൂപയായിരുന്നു ചാർജ് എങ്കിലും ബാക്കിവന്ന മൂന്ന് രൂപ നൽകാൻ കടക്കാരൻ തയാറായില്ല. ബാക്കി ചോദിച്ചപ്പോൾ അധിക്ഷേപിക്കുകയും ചെയ്തു.
പ്രഫുൽ കുരാർ ബാക്കി തുക തിരിച്ച് നൽകാൻ ആവർത്തിച്ച് പറഞ്ഞതോടെ കടക്കാരൻ പരസ്യമായി അസഭ്യം പറഞ്ഞുകൊണ്ട് അഞ്ച് രൂപ തന്നെ തിരിച്ചുനൽകി. ഈ പൈസ പിച്ചക്കാരന് കൊടുത്തതായി കണക്കാക്കുമെന്നും പറഞ്ഞു. പരാതി നൽകാനായി പ്രഫുൽ കുരാർ ബിൽ ചോദിച്ചെങ്കിലും അതും കടക്കാരൻ നൽകിയില്ല.
ഉപഭോക്താവിന് നേരിട്ട മാനസിക പ്രയാസവും അപമാനവും പരിഗണിച്ചാണ് 25,000 രൂപ കടക്കാരന് പിഴയിട്ടതെന്ന് ഉപഭോക്തൃ കമീഷൻ ഉത്തരവിൽ പറഞ്ഞു. രണ്ട് രൂപ നിരക്കുള്ള ഫോട്ടോസ്റ്റാറ്റിന് അഞ്ച് രൂപ ഈടാക്കിയത് മോശം കച്ചവട പ്രവണതയാണ്. ബില്ല് ആവശ്യപ്പെട്ടിട്ടും നൽകാത്തതും സേവനത്തിലെ വീഴ്ചയാണ് -കമീഷൻ ചൂണ്ടിക്കാട്ടി.
തനിക്കുണ്ടായത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഉപഭോക്താവിന്‍റെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും പ്രഫുൽ കുരാർ പറഞ്ഞു. ഏറെ അപമാനിക്കപ്പെട്ടതിനാലാണ് പരാതിപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.