ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലൈയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേരെ വിഷംകഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ശ്രീമഹാകാല വ്യാസർ (40), കെ. രുക്മണി (45), കെ. ജലന്ധരി (17), മുകുന്ദ് ആകാശ് കുമാർ (12) എന്നിവരാണ് മരിച്ചത്. ചെന്നൈ വ്യാസർപടി സ്വദേശികളാണ് ഇവർ.
ഗിരിവലത്തെ വാടകക്കെടുത്ത ഫാം ഹൗസിനുള്ളിലാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചാൽ മോക്ഷം കിട്ടുമെന്ന് വിഷം കഴിക്കുന്നതിന് മുമ്പ് പകർത്തിയ വിഡിയോയിൽ ഇവർ പറയുന്നുണ്ട്.
വിവാഹമോചിതയാണ് മരിച്ച രുക്മണി. ഇവരുടെ മക്കളാണ് ജലന്ധരിയും മുകുന്ദ് ആകാശ് കുമാറും. ആത്മീയകാര്യങ്ങളിൽ ഏറെ താൽപര്യമുള്ളവരായിരുന്നു കുടുംബം. മാസങ്ങൾക്ക് മുമ്പാണ് ഇവർ മഹാകാല വ്യാസറെ കണ്ടുമുട്ടിയത്. വ്യാസരോടൊപ്പം കുടുംബം ആത്മീയ കേന്ദ്രങ്ങൾ സന്ദർശിക്കുക പതിവായിരുന്നു.
തിരുവണ്ണാമലൈയിലെ ക്ഷേത്രത്തിൽ രുക്മണിയും കുടുംബവും എല്ലാവർഷവും വരാറുണ്ട്. ഈ വർഷവും ക്ഷേത്രത്തിലെത്തി കാർത്തിക ദീപോത്സവത്തിൽ പങ്കെടുത്ത് ഇവർ ചെന്നൈക്ക് മടങ്ങിയിരുന്നു. എന്നാൽ, ദൈവം തിരിച്ചുവിളിച്ചെന്ന് പറഞ്ഞ് വെള്ളിയാഴ്ച ഇവർ വീണ്ടും തിരുവണ്ണാമലൈയിലെത്തി.
അണ്ണാമലൈയാറും മഹാലാക്ഷ്മിയും ഇവർക്ക് മോക്ഷം വാഗ്ദാനം ചെയ്തെന്നും ജീവൻ ത്യജിച്ചാൽ മോക്ഷം ലഭിക്കുമെന്നും ഇവർ എഴുതിവെച്ച കത്തിൽ പറയുന്നു. കത്ത് മുറിയിൽ നിന്ന് പൊലീസിന് ലഭിച്ചു. മരണത്തിന്‍റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതും ലഭിച്ചു.
വെള്ളിയാഴ്ച രണ്ടുമണിയോടെയാണ് നാലുപേരും ഫാംഹൗസിൽ മുറിയെടുത്തത്. ശനിയാഴ്ച രാവിലെ 11ഓടെ ജീവനക്കാർ മുറിയിലെത്തി വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. തുടർച്ചയായി വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് വാതിൽ തകർത്താണ് പൊലീസ് അകത്തുകയറിയത്. നാലുപേരെയും വിഷംകഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.