കോർപറേഷൻ തെരഞ്ഞെടുപ്പ്; ഡൽഹി ഇന്ന് ബൂത്തിലേക്ക്

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ലയിപ്പിച്ച് ഒറ്റ കോർപറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ആം ആദ്മി, ബി.ജെ.പി, കോൺഗ്രസ് പാർട്ടികൾ തമ്മിലുള്ള ശക്തമായ ത്രികോണ മത്സരമാണുള്ളത്.

കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ ദേശീയ നേതാക്കൾ ബി.ജെ.പി സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിലായിരുന്നു ആം ആദ്മി പ്രചാരണം. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പും ഇതേസമയം നടക്കുന്നതിനാൽ ആം ആദ്മി പാർട്ടി പ്രചാരണത്തിൽ മുഖ്യമന്ത്രി കെജ്രിവാളിന്‍റെ സാന്നിധ്യം നാമമാത്രമായിരുന്നു.

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പും ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പും ഒരേസമയം വെച്ചത് ആം ആദ്മി പാർട്ടി നേതാക്കളെ തടയാനാണെന്ന ആരോപണം ഉയർന്നിരുന്നു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ അനുകൂല തരംഗം മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് ആം ആദ്മി പാർട്ടി പ്രതീക്ഷ.

15 വർഷമായി മുനിസിപ്പൽ കോർപറേഷനുകൾ ബി.ജെ.പിയാണ് ഭരിക്കുന്നത്. ഇത്ര വർഷം ഭരിച്ചിട്ടും കാര്യമായ വികസനം ഉണ്ടായിട്ടില്ലെന്നാണ് ആം ആദ്മി പാർട്ടിയും കോൺഗ്രസും പ്രധാനമായും ഉന്നയിക്കുന്നത്. മലയാളി വോട്ടർമാരെ ലക്ഷ്യമിട്ട് വിവിധ പാർട്ടികൾ മലയാളത്തിൽ പോസ്റ്ററുകളും അഭ്യർഥനകളും തയാറാക്കിയിട്ടുണ്ട്. ബുധനാഴ്ചയാണ് ഫല പ്രഖ്യാപനം.

Tags:    
News Summary - Corporation election; Delhi to the booth today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.