മധുരയിൽ ആരംഭിച്ച സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിനുശേഷം അടുത്ത നടപടികൾ പെട്ടെന്ന് ആരംഭിക്കാൻ പി.ബി അംഗ വൃന്ദ കാരാട്ടിനോട് നിർദേശിക്കുന്ന പി.ബി കോഓഡിനേറ്റർ പ്രകാശ് കാരാട്ട്. പി.ബി അംഗങ്ങളായ എം.എ. ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ സമീപം.
ഫോട്ടോ : ബി. ബിജു
മധുര: പാർട്ടിയെ പിടികൂടിയ ദൗർബല്യങ്ങൾ തുടച്ചുനീക്കിയും മധ്യവർഗത്തിനെയടക്കം ആകർഷിക്കാവുന്ന മുദ്രാവാക്യങ്ങൾ ഏറ്റെടുക്കാനൊരുങ്ങിയും സി.പി.എം. മധുര പാർട്ടി കോൺഗ്രസ് സംഘടനാ റിപ്പോർട്ടിലെ വിമർശനങ്ങളും നിർദേശങ്ങളും ഈ നിലക്കുള്ളതാണ്. പാർട്ടി കോട്ടകളായിരുന്ന ബംഗാളിലും ത്രിപുരയിലും തകർച്ചയിൽ തിരിച്ചു കയറുന്നതിന്റെ സൂചനയില്ല. തുടർഭരണ നേട്ടം കൈവരിച്ച കേരളത്തിലും പാർട്ടിക്ക് മുന്നിൽ കടുത്ത വെല്ലുവിളി നിലനിൽക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
പാർലമെന്ററി വ്യാമോഹം, മുതലാളിമാരുമായുള്ള വഴിവിട്ട അടുപ്പം, അഴിമതി, വിഭാഗീയത എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ എല്ലാതലത്തിലുമുള്ള നേതാക്കൾക്കിടയിൽ നിലനിൽക്കുന്നു. ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്ത് 2015 കൊൽക്കത്ത പാർട്ടി പ്ലീനം തയാറാക്കിയ തെറ്റുതിരുത്തൽ നിർദേശത്തിന് പത്തുവർഷം തികയുമ്പോഴും ഒന്നും മിക്ക സംസ്ഥാന ഘടകങ്ങളിലും നടപ്പായില്ലെന്ന് സംഘടനാ റിപ്പോർട്ടിൽ എടുത്തു പറയുന്നു. കേരളത്തിൽ പാർട്ടിയുടെ അടിസ്ഥാന വോട്ടുകളിലേക്ക് നുഴഞ്ഞുകയറുന്ന ബി.ജെ.പിയുടെ വളർച്ചയാണ് സി.പി.എമ്മിന് മുന്നിലെ വെല്ലുവിളിയായി സംഘടനാ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
പാർട്ടി ജീവിതം ദുർബലമായതിന് പ്രധാന കാരണമായി റിപ്പോർട്ട് പറയുന്നത് താഴെത്തട്ടിലെ പ്രവർത്തനമില്ലായ്മയാണ്. കേരളത്തിൽ അടക്കം ബ്രാഞ്ച് കമ്മിറ്റികൾ മാസത്തിൽ ഒരിക്കൽ കൂടണമെന്ന വ്യവസ്ഥ പാലിക്കുന്നില്ല. പലയിടത്തും പാർട്ടി ലെവി പിരിവ് വേണ്ടവിധം നടക്കുന്നില്ല. പാർട്ടി പ്രസിദ്ധീകരണങ്ങൾക്ക് വരിചേരുകയോ വായിക്കുകയോ ചെയ്യാത്ത നേതാക്കളും ധാരാളം.
കഴിഞ്ഞ നാല് പാർട്ടി കോൺഗ്രസ് രേഖകളിൽ പാർട്ടി നേതാക്കളെ പിടികൂടിയ ദൗർബല്യങ്ങൾ എടുത്തു പറയുകയും അടിയന്തര പരിഹാരം നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഗുണപരമായ ഒരു മാറ്റവും കാണാനായിട്ടില്ല. റിപ്പോർട്ടിൽ പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും ഉൾപ്പെടെ വീഴ്ചകൾ അക്കമിട്ട് നിരത്തുന്നു.
പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും കൂടുതൽ സമയവും രാഷ്ട്രീയം പറഞ്ഞ് പാഴാക്കുകയാണെന്നാണ് റിപ്പോർട്ടിലെ വിമർശനം. സംഘടനയെ ശക്തിപ്പെടുത്താനുള്ള കർമപദ്ധതികൾ ആവിഷ്കരിക്കാനും അത് സൂക്ഷ്മമായി നടപ്പാക്കാനും കമ്മിറ്റികൾ സമയം നീക്കിവെക്കണമെന്നും നിർദേശമുണ്ട്.
പി.ബി അംഗങ്ങൾമുതൽ എല്ലാതലത്തിലും നേതാക്കൾക്ക് പെർഫോമൻസ് ഓഡിറ്റ് ഏർപ്പെടുത്തണം. ബ്രാഞ്ച് തലംമുതൽ അണികൾക്ക് പാർട്ടി വിദ്യാഭ്യാസം നൽകാനുള്ള സ്ഥിരം സംവിധാനങ്ങൾ വേണം. പഴയ കാഴ്ചപ്പാടുമായി ഇനി മുന്നോട്ടുപോകാൻ ആകില്ല. മധ്യവർഗത്തിന്റെയും നഗര ജനസംഖ്യയുടെയും ആശയും അഭിലാഷങ്ങളും പാർട്ടി മനസ്സിലാക്കണമെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.