കോലാർ ജില്ലയിലെ കോലാർ ഗോൾഡ് ഫീൽഡ്സ് അഥവാ കെ.ജി.എഫ് മണ്ഡലം. കന്നട സൂപ്പർ താരം യാഷിന്റെ ‘റോക്കി ഭായ്’ പ്രശസ്തമാക്കിയ അതേ കെ.ജി.എഫ്. സ്വർണഖനികളുടെ നാട്. ഇന്ത്യയിൽ ആദ്യമായി വൈദ്യുതിയെത്തിയ സ്ഥലം. ഏറെ കാലം സ്വർണമൊഴുകിയിരുന്ന, നിരവധി തൊഴിലാളികളുടെ മരണത്തിനടക്കം കാരണമായ സ്വർണഖനികൾ പാരിസ്ഥിതിക-സാമ്പത്തിക കാരണങ്ങളാൽ 2001ൽ കേന്ദ്രസർക്കാർ അടച്ചുപൂട്ടി.
ഇപ്പോഴും ഇവിടെ മണ്ണിനടിയിൽ സ്വർണശേഖരമുണ്ട്. പണ്ട് തമിഴരും മലയാളികളും ഏറെ ഉണ്ടായിരുന്ന മണ്ഡലം ഇടത്കക്ഷികളുടെ ശക്തികേന്ദ്രമായിരുന്നു. ഖനിപ്രതാപത്തിനൊപ്പം മങ്ങിയത് ഇടതുശക്തിയുമായിരുന്നു. 1990നുശേഷം ഇവിടെ ഇടതുപാർട്ടികൾക്ക് ജയിക്കാനായില്ല. കേരളത്തിൽ ഒരുമിച്ച് സർക്കാറിനെ നയിക്കുന്ന സി.പി.എമ്മും സി.പി.ഐയും ഇവിടെ ഇന്ന് നേർക്കുനേരെയുള്ള പോരാട്ടത്തിലാണ്. കെ.ജി.എഫിൽ സി.പി.എമ്മും സി.പി.ഐയും ഏറ്റുമുട്ടുന്നതിൽ കേരളത്തിലുള്ളവർക്ക് മാത്രമാണ് അത്ഭുതം തോന്നുന്നതെന്ന് സി.പി.എം സ്ഥാനാർഥി പി. തങ്കരാജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
‘‘കേരളത്തിലേതുപോലെ ഇവിടെയും സി.പി.എമ്മിനാണ് ശക്തി. ഇത് അംഗീകരിക്കാൻ സി.പി.ഐ തയാറായില്ല. 1962നുശേഷം സി.പി.ഐക്ക് ഇവിടെ ജയിക്കാനായിട്ടില്ല. പ്രധാന പാർട്ടിയെന്ന നിലയിൽ ഞങ്ങൾ ഏറെ മുമ്പേ പ്രചാരണം തുടങ്ങിയിരുന്നു. കേരള നേതാക്കളും പ്രചാരണത്തിനുണ്ട്. ജയം, തോൽവി എന്നതിനപ്പുറം ബി.ജെ.പിയാണ് പൊതു ശത്രു’’ -തങ്കരാജ് കൂട്ടിച്ചേർത്തു.
എന്നാൽ, മണ്ഡലത്തിൽ സി.പി.എം നിർണായക ശക്തിയേയല്ല എന്നാണ് സി.പി.ഐ സ്ഥാനാർഥി ആർ. ജ്യോതിബസു പറയുന്നത്. ‘‘കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1746 വോട്ടുകൾ മാത്രമാണ് അവർക്ക് കിട്ടിയത്. 1957ൽ എം.സി. നരസിംഹനും 1962ൽ എസ്. രാജഗോപാലും സി.പി.ഐ പ്രതിനിധികളായാണ് ഇവിടെ നിന്ന് നിയമസഭയിലെത്തിയത്. 1920 മുതൽ ഞങ്ങൾ ജനങ്ങളുടെ കൂടെയുണ്ട്. ഇരു കമ്യൂണിസ്റ്റ് പാർട്ടികളുടെയും ഐക്യമാണ് തെരഞ്ഞെടുപ്പിൽ ഞങ്ങൾ ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ സി.പി.എം ഇതിന് വിരുദ്ധമായി സ്ഥാനാർഥിയെ നിർത്തി. പ്രചാരണപ്രവർത്തനങ്ങളിൽ പോലും സി.പി.എം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്’’. ജ്യോതിബസു പറഞ്ഞു. പൊതു ശത്രു ബി.ജെ.പിയാണ്, സി.പി.എം അല്ല എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.ജെ.ഡി.എസിന്റെ സിറ്റിങ് സീറ്റായ കെ.ജി.എഫിൽ സി.എം.ആർ. ശ്രീനാഥാണ് പാർട്ടിക്കായി മത്സരിക്കുന്നത്. 44251 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തവണ ജെ.ഡി.എസ് ജയിച്ചത്. കൊത്തൂർ ജി. മഞ്ജുനാഥാണ് കോൺഗ്രസ് സ്ഥാനാർഥി. ബി.ജെ.പിക്കായി വർത്തൂർ പ്രകാശും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.