ബംഗളൂരു: കേരളത്തിൽ ഭരണകക്ഷിയെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അയൽസംസ്ഥാനമായ കർണാടകയിൽ ആകെയുള്ള 224 സീറ്റിൽ സി.പി.എം മത്സരിക്കുന്നത് ആറു സീറ്റിൽമാത്രം. അതിൽതന്നെ ജയസാധ്യതയുള്ളത് ഒന്നിൽമാത്രവും. തൊഴിലാളികൾ കൂടുതലുള്ള മിക്കയിടത്തും ശക്തിതെളിയിച്ചിരുന്ന ഇടത്കക്ഷികൾക്ക് നാലു ദശാബ്ദമായി വേര് നഷ്ടപ്പെട്ട അവസ്ഥയാണ്.
സംസ്ഥാനത്തെ ജാതി അടിസ്ഥാനമായുള്ള രാഷ്ട്രീയവും യുവാക്കളെ ആകർഷിക്കാൻ കഴിയാത്തതും അവർക്ക് വിനയായി. 2018ലെ തെരഞ്ഞെടുപ്പിൽ ആകെ 0.53 ശതമാനം വോട്ടുനേടാനേ കഴിഞ്ഞുള്ളൂ. ചിക്കബെല്ലാപുരയിലെ ബാഗേപള്ളി, കോലാറിലെ കെ.ജി.എഫ്, ബംഗളൂരുവിലെ കെ.ആർ പുരം, കൊപ്പാളിലെ കനകഗിരി, വിജയപുരയിലെ കലബുറഗി റൂറൽ, ദക്ഷിണ കന്നടയിലെ മംഗളൂരു സൗത്ത് എന്നിവിടങ്ങളിലാണ് സി.പി.എം മത്സരിക്കുന്നത്.
കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ബാഗേപള്ളിയിലാണ് വിജയപ്രതീക്ഷ. കോവിഡ് കാലത്ത് സേവനമേഖലയിൽ സജീവമായിരുന്ന ഡോ. അനിൽ കുമാറാണ് ഇവിടെ സ്ഥാനാർഥി. ജെ.ഡി.എസിന്റെ പിന്തുണക്കായി ശ്രമം നടക്കുന്നുണ്ടെന്ന് സംസ്ഥാന സെക്രട്ടറി യു. ബസവരാജ പറഞ്ഞു.
അതേസമയം, സ്വാധീനമുള്ള സീറ്റുകളിൽമാത്രം മത്സരിച്ച് മറ്റിടങ്ങളിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ്, ജെ.ഡി.എസ്, സ്വതന്ത്ര സ്ഥാനാർഥികളെ സി.പി.എം പിന്തുണക്കുമെന്ന് കർണാടകയുടെ ചുമതലയുള്ള പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ‘മാധ്യമ’ത്തോട് പറഞ്ഞു.
ബാഗേപള്ളിയിൽ സി.പി.എം മാസങ്ങൾക്കു മുമ്പേ പ്രചാരണത്തിൽ സജീവമാണ്. മുൻസംസ്ഥാന സെക്രട്ടറി ജി.വി. ശ്രീരാമ റെഡ്ഡി 94ലും 2004ലും ഇവിടെനിന്ന് വിജയിച്ചിരുന്നു. തുടർച്ചയായി മൂന്നുതവണ ഇദ്ദേഹം രണ്ടാം സ്ഥാനത്തെത്തി. 2018ൽ റെഡ്ഡി 51,000ത്തിലധികം വോട്ടുകൾ നേടിയാണ് രണ്ടാം സ്ഥാനത്ത് വന്നത്.
കോൺഗ്രസിലെ എസ്.എൻ. സുബ്ബറെഡ്ഡിയാണ് കഴിഞ്ഞ തവണ ഇവിടെ വിജയിച്ചത്. ഇത്തവണയും ഇദ്ദേഹമാണ് കോൺഗ്രസ് സ്ഥാനാർഥി. നാഗരാജ് റെഡ്ഡിയാണ് ജെ.ഡി.എസിനായി രംഗത്തുള്ളത്. സി.പി.ഐ ഏഴ് സീറ്റുകളിലാണ് മത്സരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.