ന്യൂഡൽഹി: കോൺഗ്രസ് ബന്ധത്തിെൻറ കാര്യത്തിൽ തുടരുന്ന കടുത്ത ആശയഭിന്നത മൂലം കരട് രാഷ്ട്രീയപ്രമേയം തയാറാക്കുന്നതിൽ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം പരാജയപ്പെട്ടു. പി.ബിയിലെ ചർച്ച അടുത്ത കേന്ദ്ര കമ്മിറ്റി മുമ്പാകെ വെക്കാൻ തീരുമാനിച്ചു. 22ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിെൻറ കരട് സംബന്ധിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള വിഭാഗവും പ്രകാശ് കാരാട്ട് പക്ഷവും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു. കോൺഗ്രസ് ഉൾപ്പെടെ ബൂർഷ്വാ പാർട്ടികളുമായി ഒരു ധാരണയും പാടില്ലെന്ന് കരട് പ്രമേയത്തിൽ രേഖപ്പെടുത്തണമെന്ന കാരാട്ട് പക്ഷത്തിെൻറ നിലപാടിനോടാണ് പി.ബിയിലെ ഭൂരിപക്ഷവും യോജിച്ചത്. യെച്ചൂരി അടക്കമുള്ളവർ തങ്ങളുടെ നിലപാടിൽ നിന്ന് പിന്നാക്കംപോകാൻ വിസമ്മതിച്ചു. ഇതേതുടർന്നാണ് പി.ബിയിൽ നടന്ന ചർച്ച അടുത്ത കേന്ദ്ര കമ്മിറ്റിയുടെ മുന്നിൽ വെക്കാൻ തീരുമാനിച്ചത്. ഇതോടെ ജനുവരി 19 മുതൽ 21 വരെ കൊൽക്കത്തയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി നിർണായകമാവും. ഇരുപക്ഷവും അവിടെയും സമവായത്തിന് വഴങ്ങിയില്ലെങ്കിൽ കേന്ദ്രകമ്മിറ്റിയിൽ വോെട്ടടുപ്പ് വേണ്ടിവരും.
പ്രകാശ് കാരാട്ട് കൊണ്ടുവന്ന രേഖ അടിസ്ഥാനമാക്കിയും യെച്ചൂരി വിഭാഗത്തിന് അനുകൂലമായി സി.സിയിലെ ചർച്ചയിൽ ഉയർന്ന അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിയും കരട് രാഷ്ട്രീയപ്രമേയം തയാറാക്കാനാണ് ഒക്ടോബർ 16 ലെ കേന്ദ്ര കമ്മിറ്റി പി.ബിയെ ചുമതലപ്പെടുത്തിയത്. അതിൽ പി.ബി പരാജയപ്പെട്ടതോടെ ഉന്നത നേതൃത്വത്തിലെ ആശയസമരത്തിെൻറ തീവ്രത കൂടിയാണ് വെളിപ്പെട്ടത്. സമവായത്തിൽ എത്താൻ കഴിഞ്ഞില്ലെന്ന് വ്യക്തമായി സൂചിപ്പിക്കുന്ന പ്രസ്താവനയാണ് പി.ബിക്ക് ശേഷം പുറത്തിറക്കിയത്. ‘പി.ബിയിലെ ചർച്ചകൾ കേന്ദ്ര കമ്മിറ്റിയുടെ പരിഗണനക്ക് വിടു’മെന്ന് പ്രസ്താവന വ്യക്തമാക്കി. ശനിയാഴ്ച അവസാനിച്ച ചർച്ചയുടെ തുടർച്ചയായി ഞായറാഴ്ച ആരംഭിച്ച യോഗത്തിലും ഇരുപക്ഷവും തങ്ങളുടെ വാദമുഖങ്ങളിൽ ഉറച്ചുനിൽക്കുകയായിരുന്നു. യെച്ചൂരിയും കാരാട്ടും കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിച്ച തങ്ങളുടെ രേഖകളുടെ അടിസ്ഥാനത്തിൽ വീണ്ടും നിലപാട് വിശദീകരിച്ചു.
വർഗീയതയാണ് മുഖ്യശത്രുവെന്ന് കഴിഞ്ഞ പാർട്ടി കോൺഗ്രസ് ചൂണ്ടിക്കാട്ടിയതിെൻറ തുടർച്ചയായി അതിനെ പരാജയപ്പെടുത്താനുള്ള നിലപാട് സ്വീകരിക്കുകയാണ് അടിയന്തര കടമയെന്ന് യെച്ചൂരി വ്യക്തമാക്കി. മുഖ്യശത്രുവായ ബി.ജെ.പിയും ആർ.എസ്.എസും ജനാധിപത്യസ്ഥാപനങ്ങളെ നിയന്ത്രിക്കുകയും എതിരഭിപ്രായങ്ങളെ നിശ്ശബ്ദമാക്കുകയും ചെയ്യുന്ന സവിശേഷ സാഹചര്യമാണ് ഉള്ളത്. ഇതിനെ ഇടത്, ജനാധിപത്യ, മതനിരപേക്ഷ പാർട്ടികളുമായി ചേർന്ന് എതിർക്കണം. മാറിനിൽക്കുന്ന സമീപനം ആവരുത് സി.പി.എമ്മിേൻറത്. എന്നാൽ, സമരത്തിെൻറ മുഖ്യദിശ ബി.ജെ.പിക്ക് എതിരാണെങ്കിലും കോൺഗ്രസുമായി ധാരണയോ സഖ്യമോ മുന്നണിയോ ഉണ്ടാക്കിെല്ലന്ന പോളിറ്റ്ബ്യൂറോയുടെ ഒൗദ്യോഗിക നിലപാടിനനുസരിച്ച് കരട് പ്രമേയം തയാറാക്കണമെന്ന് കാരാട്ട് പറഞ്ഞു. കോൺഗ്രസിനെയും കൂട്ടാളികളെയും ബി.ജെ.പിയെയും ഒപ്പം നിൽക്കുന്നവരെയും പരാജയപ്പെടുത്താൻ ഇടതുപക്ഷ ജനാധിപത്യശക്തികളുടെ ബദലാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷെഎക്യവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കെട്ടിപ്പടുക്കണമെന്ന നിലപാടിൽ മുന്നോട്ട് പോകണം. ഇതിനെ കേരളം, ത്രിപുര, തമിഴ്നാട് അടക്കമുള്ള സംസ്ഥാന നേതൃത്വം അനുകൂലിച്ചു. പി.ബിയിൽ ഭൂരിപക്ഷവും അനുകൂലമായെങ്കിലും യെച്ചൂരിയും ബംഗാൾ നേതാക്കളും തമ്മിൽ കടുത്ത ആശയഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര കമ്മിറ്റി തീരുമാനിക്കെട്ടയെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഒടുവിൽ സമവായത്തിൽ എത്തി പിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.