ന്യൂഡല്‍ഹി: വിരമിച്ച സുപ്രീംകോടതി ജഡ്ജി എ.കെ. പട്നായകിെൻറ മേൽനോട്ടത്തിൽ കേന്ദ്ര വിജിലന്‍സ് കമീഷൻ (സി.വി.സി) നടത്തിയ അന്വേഷണത്തിൽ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മക്കെതിരായ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി. പ്രധാനമന്ത്രി മോദിയുടെയും ബി.െജ.പി അധ്യക്ഷൻ അമിത് ഷായുെടയും വിശ്വസ്തനായ സി.ബി.െഎ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന നൽകിയ പരാതിക്ക് ബലംനൽകുന്ന രേഖകെളാന്നും സമർപ്പിച്ചിട്ടില്ലെന്ന റിപ്പോർട്ട് കമീഷൻ തിങ്കളാഴ്ച സുപ്രീംകോടതിയിൽ സമർപ്പിച്ചേക്കും. അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സുപ്രീംകോടതി അലോക് വർമയെ സി.ബി.െഎ മേധാവിയായി തിരിച്ചുകൊണ്ടുവന്നാൽ മോദി സർക്കാറിന് കനത്ത തിരിച്ചടിയാകും.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലത്ത് ഗോധ്ര അടക്കമുള്ള കേസുകളിൽ പക്ഷപാത അന്വേഷണം നടത്തി വിശ്വസ്തനായ പൊലീസ് ഒാഫിസറാണ് രാകേഷ് അസ്താന. മാംസവ്യാപാരിയുടെ കേസ് ഒതുക്കുന്നതിന് മൂന്നു കോടി കൈക്കൂലി വാങ്ങിയ കേസടക്കം അസ്താനക്കെതിരെ ഉയർന്ന നിരവധി അഴിമതി ആരോപണങ്ങൾ ഡയറക്ടർ അലോക് വർമ അേന്വഷിക്കുമെന്ന് കണ്ടപ്പോഴാണ് വർമക്കെതിരെ അസ്താന മോദി സർക്കാറിനെ സമീപിച്ചത്. റഫാൽ വിമാന ഇടപാട് അന്വേഷണത്തിനുള്ള ഒരുക്കത്തിൽകൂടിയായിരുന്നു അലോക് വർമ. അസ്താനയുടെ പരാതി കേന്ദ്ര കാബിനറ്റ് സെക്രട്ടറി വിജിലൻസ് കമീഷന് കഴിഞ്ഞ ആഗസ്റ്റിൽ അയച്ചിരുെന്നങ്കിലും അസ്താനക്കെതിരായ കുരുക്ക് അലോക് വർമ മുറുക്കിയപ്പോഴാണ് കഴിഞ്ഞ മാസം 15ന് സി.വി.സി കേസ് രജിസ്റ്റർ ചെയ്തത്.
കൈക്കൂലിക്കേസുമായി അലോക് വർമ മുന്നോട്ടുപോയപ്പോൾ അന്വേഷണം തടയാൻ അസ്താന ഡൽഹി ൈഹകോടതിയെ സമീപിെച്ചങ്കിലും ഫലമുണ്ടായില്ല. കേസുമായി മുന്നോട്ടുപോകാൻ ഡൽഹി ഹൈകോടതി വർമക്ക് അനുവാദം നൽകി. അതിന് പിറ്റേന്ന് നടത്തിയ പാതിരാ അട്ടിമറിയിൽ മോദി സർക്കാർ അലോക് വർമയെ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കി പകരം സംഘ് സഹയാത്രികനായ നാഗേശ്വര റാവുവിനെ നിയമിച്ചു. കൈക്കൂലിക്കേസിൽ പ്രതിയായ അസ്താനക്കൊപ്പം വർമയെ നീക്കുന്നതിന് കാരണമായി പറഞ്ഞത് വിജിലൻസ് കമീഷനിലുള്ള കേസായിരുന്നു. തന്നെ നീക്കിയതിനെതിരെ അലോക് വർമ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ സി.വി.സിയിൽ അസ്താന നൽകിയ പരാതിയാണ് പ്രതിരോധത്തിനായി മോദി സർക്കാർ ഉയർത്തിക്കാണിച്ചത്.
ഇതേ തുടർന്നാണ് പരാതി രണ്ടാഴ്ചക്കകം ജസ്റ്റിസ് എ.കെ. പട്നായകിെൻറ മേൽനോട്ടത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സി.വി.സിക്ക് സുപ്രീംകോടതി നിർേദശം നൽകിയത്. അന്വേഷണ ഭാഗമായി രണ്ടുതവണ അലോക് വര്‍മ കമീഷന് മുമ്പാകെ ഹാജരായിരുന്നു. അന്വേഷണത്തിൽ അലോക് വര്‍മക്കെതിരായ തെളിവുകളില്ലെന്ന് സി.വി.സി കെണ്ടത്തിയ വിവരം ‘ടൈംസ് ഒാഫ് ഇന്ത്യ’യാണ് പുറത്തുവിട്ടത്. റിപ്പോര്‍ട്ട് തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.