ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ) മൂന്ന് ശതമാനം വര്‍ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2022 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡി.എ വർധനവ്.
നിലവില്‍ കേന്ദ്ര സർക്കാർ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 31 ശതമാനമായിരുന്നു ക്ഷാമബത്ത. വർധനവ് വരുന്നതോടെ ഇത് 34 ശതമാനമായി ഉയരും. വിലക്കയറ്റത്തെ നേരിടുന്നതിനായി ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന തുകയാണ് ക്ഷാമബത്ത. നിലവിലുള്ള ജീവനക്കാരുടെ ഡി.എ വര്‍ധിപ്പിക്കുമ്പോഴെല്ലാം പെന്‍ഷന്‍കാര്‍ക്കുള്ള ഡിയര്‍നസ് റിലീഫും (ഡി.ആര്‍) വര്‍ധിപ്പിക്കാറുണ്ട്.
50 ലക്ഷത്തോളം ജീവനക്കാർക്കും 65 ലക്ഷത്തോളം പെന്‍ഷന്‍കാർക്കും തീരുമാനത്തിന്‍റെ ഗുണം ലഭിക്കും. മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം പുതുക്കിയ ഡി.എ ലഭിക്കും. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഡി.എ 28 ശതമാനത്തില്‍ നിന്ന് 31 ശതമാനമാക്കിയത്. ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ ശിപാര്‍ശ അടിസ്ഥാനമാക്കിയാണ് ഈ വർധന. ഇത് സര്‍ക്കാറിന് 9544 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കും.
വർധിച്ചുവരുന്ന പണപ്പെരുപ്പത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും രണ്ട് തവണ ഡി.എ, ഡി.ആര്‍ ആനുകൂല്യങ്ങള്‍ പരിഷ്‌കരിക്കുന്നു. ജനുവരി, ജൂലൈ മാസങ്ങളിലാണ് ഇവ പരിഷ്‌കരിക്കുന്നത്. നഗരത്തിലാണോ അർധ നഗര മേഖലയിലാണോ ഗ്രാമീണ മേഖലയിലാണോ ജോലി ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കി ജീവനക്കാരുടെ ഡി.എ വ്യത്യാസപ്പെടുന്നു.
2020 ജനുവരി 1 മുതല്‍ 2021 ജൂണ്‍ 30 വരെ ഡി.എ മരവിപ്പിച്ചിരുന്നു. കോവിഡ് മഹാമാരിക്കാലത്തെ 18 മാസങ്ങളില്‍ ഡി.എ നിരക്ക് 17 ശതമാനം മാത്രമാണ് കണക്കാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.